തിരുവനന്തപുരം:ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിട്ടി പൈപ്പ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണി തുടങ്ങി.ഇന്നലെ രാത്രി 8ഓടെയാണ് പണി ആരംഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാത്രി 8 വരെ ശാസ്തമംഗലം,പൈപ്പിന്മൂട്,ഊളമ്പാറ,വെള്ളയമ്പലം, കവടിയാർ, നന്തൻകോട്,ജവഹർനഗർ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിറുത്തിവച്ചു.
ശാസ്തമംഗലം ജംഗ്ഷനിലെ മാർജിൻ ഫ്രീ മാർക്കറ്റിന് മുൻവശത്തുള്ള റോഡിൽ കവടിയാറിൽ നിന്നുള്ള 400 എം.എം പൈപ്പിലാണ് ചോർച്ച കണ്ടെത്തിയത്.ഇത് പരിഹരിക്കുന്നതിനായി റോഡിൽ കുഴിയെടുത്ത് തുടങ്ങി.ചോർച്ച ജോയിന്റുകളിലാണെങ്കിൽ വേഗം പരിഹരിക്കാമെന്നും അല്ലെങ്കിൽ പണി നീളാനിടയുണ്ടന്നും അധികൃതർ പറഞ്ഞു. പ്രശ്നം വേഗത്തിൽ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ അറിയിച്ചു.