
കൊച്ചി: കഷ്ടപ്പാടിന്റെ പടുകുഴിയിൽ നിൽക്കുമ്പോഴും അത് ഉള്ളിലൊതുക്കി ഈ 17 കാരി ഉയർന്ന് ചാടിയത് റെക്കോഡിലേക്കാണ്.സീനിയർ പോൾവാട്ട് പെൺകുട്ടികളുടെ മത്സരത്തിൽ 9 വർഷത്തെ റെക്കാഡ് തിരുത്തി കുറിച്ചാണ് കോതമംഗലം മാർബേസിലിലെ വിദ്യാർത്ഥിനി ജീനാ ബേസിൽ കളം വിട്ടത്.കോതമംഗലം ഊന്നുകലിലെ ക്ഷീര കർഷകനായ ബേസിലും ഭാര്യ മഞ്‌ജുവും ആദ്യമായാണ് മകളുടെ മത്സരം കാണാനെത്തിയത്. ക്രോസ് ബാറിന് പിറകിലെ ഗാലറിയിൽ നിന്ന് അവർ സാക്ഷിയായത് മകൾ റെക്കൊർഡോടെ സ്വർണം നേടുന്ന കാഴ്‌ചയ്‌ക്കായിരുന്നു.
സ്വന്തമായൊരു വീടെന്ന സ്വപ്നം ഇപ്പോഴും അകലത്തിലാണ് ജീനയ്ക്ക് കുടുംബത്തിനും.മൂവാറ്റുപുഴ ഊന്നുകൽ പുതുപ്പാടിയിൽ ബേസിൽ വർഗീസിസും ഭാര്യ മഞ്ജു ബേസിലും പത്തംഗങ്ങളുള്ള തറവാട്ടുവീട്ടിലാണ് ഇപ്പോഴും താമസം. 10 സെന്റ് ഭൂമിയാണ് ആകെയുള്ളത്. വിവാഹിതനല്ലാത്ത സഹോദരന്റെ പേരിലാണ് വീടും സ്ഥലവും. പശുവിനെ വളർത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.
ചെറുപ്രായത്തിൽതന്നെ ജീനയെ വളർത്തുന്നത് മാർ ബേസിൽ സ്‌കൂളുകാരാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെ കാരുണ്യം കൊണ്ടാണ് ജീനയുടെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ജീന പ്ലസ്ടു വിദ്യാർത്ഥിയാണ്.
2015ൽ പാലാ സെന്റ് മേരീസ് ഗേൾസ് എച്ച്.എസിലെ മരിയ ജയ്സൺ സ്ഥാപിച്ച 3.42 മീറ്റർ ഉയരമാണ് ജീന ബേസിൽ തിരുത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 3.43 മീറ്റർ ഉയരം കീഴടക്കിയാണ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്.
മാർബേസിലിലെ തന്നെ എമി ട്രീസ ജിജി 2.70 മീറ്റർ ഉയരം ചാടി വെള്ളി മെഡൽ കരസ്ഥമാക്കി. സി.ആർ. മധുവാണ് ഇരുവരുടെയും പോൾവാൾട്ട് പരിശീലകൻ.