kadumoodikidkkunna-madavu

പള്ളിക്കൽ: മടവൂർ,പള്ളിക്കൽ മേഖലകളിലെ സ്വകാര്യ ഭൂവുടമകൾ പുരയിടങ്ങളിൽ വളർന്നുപന്തലിച്ച കാട് വെട്ടിത്തെളിക്കുന്നില്ലന്ന് പരാതി. ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുൾപ്പെടെയുള്ള ക്ഷുദ്ര ജന്തുക്കൾ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മടവൂരിലെ അതിപുരാതനമായ മാമന്നൂർ മഠംമേഖലയിൽ നാലേക്കറോളം സ്ഥലത്ത് കാട്ടുചെടികൾ വളർന്ന് പന്തലച്ചു കിടക്കുകയാണ്. എട്ടുകെട്ടായിരുന്ന മഠത്തിന്റെ അവശേഷിപ്പുകൾ പോലും കാണാൻ കഴിയാത്ത തരത്തിലാണ്. മഠത്തിന് ചുറ്റുമുള്ള മരങ്ങളിൽ വവ്വാലുകളുള്ളതിനാൽ ഉറങ്ങാൻ കഴിയാത്ത തരത്തിലാണ് ശബ്ദകോലാഹലങ്ങളെന്ന് സമീപവാസികൾ പറയുന്നു. തുമ്പോട് നടുവത്തേലായുടെ കരയിൽ ഒരേക്കറിലധികം ഭൂമിയിൽ കാട്ടുചെടികൾ വളർന്നു പന്തലിച്ചു കിടക്കുന്നുണ്ട്. ഇതിനുള്ളിലെ കാട്ടുപന്നിക്കൂട്ടം പകൽ സമയങ്ങളിലും സമീപത്തെ വീടുകളോടു ചേർന്നുള്ള കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതായി പ്രദേശത്തുള്ളവർ പരാതിപ്പെടുന്നു.

ക്ഷുദ്രജീവികളുടെ ശല്യം

പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ചെറുതും വലുതുമായി നിരവധി ഭൂപ്രദേശങ്ങൾ കാലങ്ങളായി കാടുപിടിച്ചു കിടക്കുകയാണ്. പനപ്പള്ളി ഏലായോട് ചേർന്ന് സ്വകാര്യ വ്യക്തികളുടേയും പുറമ്പോക്കുമായി മൂന്ന് ഏക്കറോളം പ്രദേശം ഏകദേശം നാലുവർഷമായി വൃത്തിയാക്കാതെ കാട്ടുചെടികൾ വളർന്നുകിടക്കുന്നു. ഇവിടെ "നാട്ടുപന്നി"യുടെ ആവാസകേന്ദ്രമായി മാറിയെന്ന് കൃഷിക്കാർ പറയുന്നു. കൂടാതെ കുരങ്ങ്, മയിൽ, ഇഴജന്തുക്കൾ ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളും ഇവിടെ തമ്പടിച്ചിട്ടുണ്ട്.

കൃഷിയും നശിപ്പിക്കുന്നു

കുരങ്ങുകൾ കൂട്ടത്തോടെ ഗ്രാമങ്ങളിൽ കടന്ന് വ്യാപകമായി ശല്യം ചെയ്യാറുണ്ട്. പന്നിക്കൂട്ടങ്ങളുടെ ശല്യത്താൽ വയലേലകളിലും കരയിലും കൃഷി ചെയ്യുന്നത് കർഷകക്കൂട്ടായ്മകൾ നിറുത്തിവച്ചിരിക്കുകയാണെന്ന് കർഷകർ പറയുന്നു.

കാടുവെട്ടിത്തെളിക്കാത്ത ഭൂവുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നിരിക്കേ അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി പരാതിയുണ്ട്. കാടുകൾ വെട്ടിത്തെളിച്ച് കാട്ടുപന്നികളെ തുരത്തിയാലേ കർഷകർക്കും സമീപവാസികൾക്കും സ്വൈരജീവിതമുണ്ടാകൂ എന്നാണ് നാട്ടുകാർ പറയുന്നത്.