
''ഇത് ഒരു ആനയല്ല. ഇത് തേങ്ങയല്ല. ഇത് ഒലക്കയുമല്ല." പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ ജനപ്രിയ സിനിമകളിലൊന്നായ 'ചിത്രം" കണ്ടിട്ടുള്ള പ്രേക്ഷകർ അതിൽ നടൻ ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഈ ഡയലോഗ് മറക്കാനിടയില്ല. തനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു ആ സംഭാഷണം. ഏതാണ്ട് അതുപോലെ മലയാളികളുടെ മുഴുവൻ സ്ഥലകാലബോധം അസ്തമിച്ചെന്ന മട്ടിലായിരുന്നു നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും സുരക്ഷാ ജീവനക്കാരൻ സന്ദീപും യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളെ ലാത്തികൊണ്ട് ക്രൂരമായി തല്ലിയ കേസിൽ തെളിവില്ലെന്നു കാട്ടി ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.
ഗൺമാനും സുരക്ഷാ ജീവനക്കാരനും ക്ളീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് നൽകിയ ഈ റഫറൽ റിപ്പോർട്ട് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ഷാനാബീഗം തള്ളിയെന്നു മാത്രമല്ല തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു. നീതി തേടുന്ന സാധാരണക്കാർക്ക് അഭയകേന്ദ്രം കോടതി മാത്രമാണെന്ന ചിന്ത ശക്തിപ്പെടുത്തുന്നതു കൂടിയാണ് ഈ ഉത്തരവ്. ദൃശ്യമാദ്ധ്യമങ്ങളിലൂടെ കേരളം മുഴുവൻ കണ്ട ഈ സംഭവത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വിചിത്രമെന്നേ പറയേണ്ടു. ഭരിക്കുന്നവരുടെ ദുഃസ്വാധീനം അന്വേഷണത്തിൽ പ്രതിഫലിച്ചുവെന്ന് കൊച്ചുകുട്ടികൾക്കു പോലും മനസിലാകും.
2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ലോക്കൽ പൊലീസ് ബന്തവസ്സിൽ എടുത്ത ശേഷമാണ് നവകേരള ബസിനു പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന അനിൽകുമാറും സന്ദീപും അതിക്രൂരമായി മർദ്ദിച്ചത്. തടയാൻ ശ്രമിച്ച ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർക്കു തല്ലുകിട്ടാതിരുന്നത് ഭാഗ്യം. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ കായികമായി നേരിട്ടതിനെ രക്ഷാപ്രവർത്തനമായി വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തിന്റെ ജീവനക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ടാകാം.
ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ വൈറലായിട്ടും സംഭവം വസ്തുതാവിരുദ്ധമെന്ന് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരുപക്ഷേ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തന്നെ ഭാവിയിൽ ലഭിച്ചേക്കാം. ക്രൂരമർദ്ദനമേറ്റവർ സംഭവത്തിന്റെ പെൻഡ്രൈവ് നൽകിയപ്പോൾ അതു വാങ്ങാതെ സ്ഥലത്തെ ക്യാമറകളിൽ നിന്നും ശേഖരിക്കാമെന്ന് പറഞ്ഞ് പൊലീസ് ഒഴിയുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരിൽ നിന്ന് തെളിവ് ശേഖരിക്കാതെ അവർ വിവരം കൈമാറാൻ തയ്യാറായില്ലെന്ന കളവും പൊലീസ് റിപ്പോർട്ടിലുണ്ട്. ഒടുവിൽ പരാതിക്കാർ തന്നെ തെളിവ് കോടതിക്കു കൈമാറുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഫോട്ടോ - വീഡിയോ തെളിവുകളിൽ മുഖ്യമന്ത്രിയുടെ ജീവന് ആപത്ത് വരത്തക്ക യാതൊന്നും ഉണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം തന്നെയാണ്. അതുപോലെ ജനങ്ങളുടെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനുമുണ്ട്. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അത് നേരിടാൻ രാജ്യത്തൊരു നിയമ വ്യവസ്ഥയുണ്ട്. അതിനു മുതിരാതെ തലതല്ലി തകർത്തുകളയാമെന്ന ധാർഷ്ട്യം ഏത് ഉദ്യോഗസ്ഥനായാലും പാടില്ല. നാടിന്റെ കാവലാളാകേണ്ട വിഭാഗമാണ് പൊലീസ്. ആ പൊലീസിനെ കയറൂരിവിട്ടാൽ സംഭവിക്കുന്നതെന്താണോ അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആലപ്പുഴ സംഭവം. തുടരന്വേഷണത്തിലെങ്കിലും തിരിമറി നടത്താതെ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടി കൈക്കൊള്ളാനാണ് സർക്കാർ ഇനി ശ്രമിക്കേണ്ടത്. എല്ലാം ജനങ്ങൾ കാണുന്നുണ്ട്. നാട് അറിയുന്നുണ്ട്. കണ്ണടച്ചാൽ മാത്രം ഇരുട്ടാകില്ല. ഇത് കേരളമാണ്.