a

സംസ്ഥാനത്തെ സ്‌കൂളുകളിൽ 52 അദ്ധ്യാപകർ പോക്സോ കേസുകളിൽ ഉൾപ്പെട്ട് സസ്‌പെൻഷനിലാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. അന്വേഷണം പൂർത്തിയാക്കി ഇവരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതുൾപ്പെടെ കർക്കശ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എൽ.പി, യു.പി ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് കൂടുതലായും അദ്ധ്യാപകന്മാരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത്. അദ്ധ്യാപകന്മാരെ ഭയപ്പാടോടെയാണ് ഈ കുട്ടികൾ കാണുന്നത്. അതുകൊണ്ടുതന്നെ അതിക്രമത്തിനിരയായാലും പല കുട്ടികളും അതു വെളിപ്പെടുത്താൻ മടിക്കും. രക്ഷാകർത്താക്കൾ വിവരം അറിയുമ്പോഴാകും കേസ് ഉത്ഭവിക്കുന്നതും. പൊലീസ് കേസില്ലെങ്കിലും കുട്ടി വെളിപ്പെടുത്തുന്ന വിവരങ്ങൾ സ്‌കൂളിലെ പ്രഥമാദ്ധ്യാപകർ മുഖാന്തരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ അറിയിച്ചാൽ കുറ്റം ചെയ്ത അദ്ധ്യാപകനെതിരെ നടപടിയെടുക്കാവുന്നതാണ്. മൂന്നുമാസത്തിനകം ഇതു വേണമെന്നും വ്യവസ്ഥയുണ്ട്.

സമൂഹം ഏറ്റവും മാന്യമായ പദവിയും ആദരവും നൽകുന്ന വിഭാഗമാണ് അദ്ധ്യാപകർ. അവർ ഗുരുസ്ഥാനവും പദവിയും വെടിഞ്ഞ് മനുഷ്യമൃഗങ്ങളായി മാറുന്നത് ഞെട്ടലോടെയല്ലാതെ കാണാനാവില്ല. പോക്സോ കേസിൽ കുടുങ്ങിയത് 52 അദ്ധ്യാപകരാണെന്നാണു വിവരമെങ്കിലും യഥാർത്ഥ കണക്കു പുറത്തുവന്നാൽ ഇതിന്റെ എത്രയോ ഇരട്ടിയാകും പ്രതിസ്ഥാനത്തു വരിക എന്നു തീർച്ചയാണ്. കുട്ടികളുടെ ഭാവിയെക്കരുതിയും സമൂഹത്തിൽ അപമാനഭാരം ഏൽക്കാതിരിക്കാനും പല രക്ഷാകർത്താക്കളും സംഭവം രഹസ്യമായി സൂക്ഷിക്കുന്നതുകൊണ്ടാണ് പല അദ്ധ്യാപകന്മാരും കേസിൽപ്പെടാതെ മാന്യന്മാരായി വിലസുന്നത്. സ്‌കൂളുകളിൽ നടത്താറുള്ള കൗൺസലിംഗ് ഇത്തരക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ സമീപകാലത്ത് നല്ലൊരളവിൽ കഴിയാറുണ്ട്. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികൾക്ക് തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവയ്ക്ക‌ാൻ അദ്ധ്യാപികമാരാണ് ആശ്രയം. എന്നാൽ അവിടെയും എപ്പോഴും നീതി ലഭിക്കണമെന്നില്ല. സഹപ്രവർത്തകർ കേസിൽ കുടുങ്ങി പുറത്താകുന്നതു കാണാൻ പലർക്കും താത്‌പര്യമുണ്ടാവുകയില്ല. ലൈംഗികാതിക്രമത്തിനു മുതിരുന്ന അദ്ധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ പ്രാഥമികാന്വേഷണം നടത്തി ഉടൻ പുറത്താക്കാറാണു പതിവ്. അതിക്രമം നേരിടേണ്ടിവന്ന കുട്ടികളെ അവരുടെ പെരുമാറ്റത്തിൽ നിന്ന് എളുപ്പം തിരിച്ചറിയാനാകും. പലപ്പോഴും ഇവരെ കൗൺസലിംഗിനു വിധേയമാക്കാൻ അദ്ധ്യാപകർ നടപടിയെടുക്കും. തുടർന്നാണ് കുറ്റക്കാരനായ അദ്ധ്യാപകനെ സ്‌കൂളിൽ നിന്നു പുറത്താക്കുന്നത്.

പ്രധാന അദ്ധ്യാപകരുടെ നേതൃത്വത്തിൽ കർക്കശമായ നിരീക്ഷണവും പരിശോധനയും ഉറപ്പുവരുത്തിയാൽ കുട്ടികൾക്കെതിരായ ചൂഷണം നല്ലൊരളവിൽ തടയാനാകും. താഴ‌്‌ന്ന ക്ളാസുകളിൽ അദ്ധ്യാപികമാരെ മാത്രം നിയോഗിക്കാനുള്ള സാദ്ധ്യതയും ആരായാവുന്നതാണ്. പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഘട്ടം ഘട്ടമായെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.

വീടുകളിലും പുറത്തും വച്ചും നടത്താറുള്ള ട്യൂഷൻ ക്ളാസുകളും വിനയായി ഭവിക്കുന്നതു സാധാരണമായിട്ടുണ്ട്. ചൂഷണത്തിന് കഴിവതും സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണു മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. ഒരു കാരണവശാലും ഒറ്റ കുട്ടിയെ വച്ചു ട്യൂഷൻ നൽകാനുള്ള ഇട ഉണ്ടാക്കരുത്. കുട്ടികളായിരിക്കുമ്പോഴേ മനസ്സിനു മുറിവേൽക്കുന്ന കുട്ടികളുടെ മാനസിക നില മുതിരുമ്പോഴും പ്രശ്നസങ്കീർണമാകുന്ന അനുഭവങ്ങൾ ഉണ്ട്.

സ്‌കൂളുകൾ അദ്ധ്യാപകരുടെ ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും ഇടമാകുന്നത് പരമകഷ്ടം തന്നെയാണ്. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികൾക്ക് രക്ഷകരും വഴികാട്ടിയുമാകേണ്ട അദ്ധ്യാപക സമൂഹം അവർക്ക് അന്തകന്മാരായി മാറുന്നത് ഈ കാലഘട്ടത്തിന്റെ തിന്മകളിലൊന്നാണ് കുറ്റവാളികളായ അദ്ധ്യാപകന്മാരോട് ഒരുവിധ ദാക്ഷിണ്യവും കാട്ടേണ്ടതില്ല. അവരെ നിയമത്തിനു വിട്ടുകൊടുക്കാൻ ഒരുവിധ അമാന്തവും പാടില്ല. മര്യാദവിട്ടു പെരുമാറുന്ന അദ്ധ്യാപകന്മാരെ കുട്ടികൾ തന്നെ ചൂണ്ടിക്കാട്ടണം. അതിനുള്ള കരുത്തും ആത്മവിശ്വാസവും കുട്ടികൾക്ക് നൽകാൻ രക്ഷാകർത്താക്കൾ തയ്യാറാകണം. കുട്ടിക്കാലത്തേ പ്രതികരണ ശേഷിയുള്ളവരാക്കി കുട്ടികളെ വളർത്താൻ കഴിഞ്ഞാൽ അതിക്രമങ്ങൾക്കെതിരെ സ്‌കൂളിൽ മാത്രമല്ല പുറത്തും ധീരമായി നിലകൊള്ളാൻ കുട്ടികൾക്കു കഴിയും.