f

# പ്രധാന മന്ദിരത്തിലെ

ഓഫീസുകൾ മാറ്റും

തിരുവനന്തപുരം:ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് ഏഴ് നിലകളിലായി മൂന്നാം അനക്‌സ് നിർമ്മിക്കും.

രാജഭരണകാലത്ത് നിർമ്മിച്ചതും സെക്രട്ടേറിയറ്റിന്റെ മുഖമുദ്രയുമായ പ്രധാന മന്ദിരത്തിലെ

ഓഫീസുകൾ ഇവിടേക്ക് മാറ്റുമെന്നാണ് സൂചന. കാലപ്പഴക്കം മൂലമുള്ള ബലക്ഷയമാണ് കാരണം. മതിയായ സുരക്ഷാ സംവിധാനം ഇല്ലെന്നതും കണക്കിലെടുത്തു.

അനെക്‌സ് ഒന്നിനും രണ്ടിനും ഇടയിലായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലാണ് നിർമ്മാണം. മൂന്ന് അനക്‌സുകളെയും ബന്ധപ്പെടുത്തി ആകാശപാതയും നിർമ്മിക്കും.

ആദ്യ രണ്ട് നിലകൾ പാർക്കിംഗിനാണ്. മൂന്ന് മുതൽ ആറ് നിലകളിൽ ഓഫീസുകൾ. ഏഴാം നിലയിൽ വീഡിയോ കോൺഫറൻസ് സംവിധാനമടക്കമുള്ള കോൺഫറൻസ് ഹാളാണ് . പ്ലാനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പാണ് തയ്യാറാക്കുന്നത്.മണ്ണ് പരിശോധനയ്ക്ക് 5.24 ലക്ഷം രൂപ അനുവദിച്ചു.

പ്രധാന കോമ്പൗണ്ടിന്റെ പുറത്ത് 1995ലാണ് ഒന്നാം അനക്‌സ് നിർമ്മിച്ചത്. 2016ൽ രണ്ടാം അനക്‌സും നിർമ്മിച്ചു. ആദ്യ അനക്‌സ് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾത്തന്നെ ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു. 15 കോടി നൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങാതിരുന്ന സ്ഥലം ഉടമ 2005ൽ കോടതിയെ സമീപിച്ചു. നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.പതിനേഴു വർഷത്തെ വ്യവഹാരത്തിനുശേഷം 20 കോടിക്ക് ധാരണയിലെത്തി. മുഴുവൻ തുകയും നൽകി 2022 നവംബറിൽ 36 സെന്റ് ഭൂമി ഏറ്റെടുക്കുകയായിരുന്നു.