photo

നെയ്യാറ്റിൻകര: പട്ടണത്തിൽ വൺവേ ട്രാഫിക് വന്നതോടെ ബസ് സ്റ്റാൻഡ് മുതൽ ടി.ബി ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, ആലുംമൂട്, കൃഷ്ണൻകോവിൽ ജംഗ്ഷൻ, കോടതി പരിസരം എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുംമൂട് ജംഗ്ഷൻ മുതൽ ടി ബി ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ വഴി ആലുമ്മൂട് വരെയാണ് വൺവേ. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ടി ബി ജംഗ്ഷനിലെത്തിയാൽ ഇടത്തോട്ടു തിരിഞ്ഞ് ആശുപത്രി ജംഗ്ഷൻ വഴി പോകണം. ബസ് സ്റ്റാൻഡ് ജംഗ്ഷൻ വഴി വരുന്ന എല്ലാ വാഹനങ്ങളും ആലുംമൂട് വഴി ടി ബി ജംഗ്ഷനിലൂടെ കടന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകണം. ഇപ്പോഴത്തെ അവസ്ഥയിൽ ടി ബി ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ആലുംമൂടിനും ഇടയ്ക്കുള്ള ഭാഗങ്ങളിൽ തിക്കുംതിരക്കുമാണ്. തിരുവനന്തപുരം, കാട്ടാക്കട, മാരായമുട്ടം ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഒരുമിച്ചെത്തുന്നതാണ് തിരക്കിന് കാരണം. നൂറുകണക്കിന് വാഹനങ്ങളാണ് ഒരേസമയം ഒരുറോഡിലൂടെ കടന്നുപോകുന്നത്. എന്നാൽ ഈ സമയം ആലുംമൂട് ടി ബി ജംഗ്ഷൻ വരെയുള്ള റോഡിൽ തിരക്കുണ്ടാവാറില്ല. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തുന്ന രോഗികളെയടക്കം ഇത് ബുദ്ധിമുട്ടിലാക്കുകയാണ്.

ആംബുലൻസുൾപ്പെടെ കുരുക്കിൽപ്പെടുന്നു

ആംബുലൻസുകൾ പലപ്പോഴും ട്രാഫിക് കുരുക്കിൽപ്പെടുന്നതും പതിവാണ്. അഞ്ചു വർഷം മുൻപ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായ പൊലീസ് ഉദ്യോഗസ്ഥന്റെ കടുംപിടിത്തത്തിന്റെ ഫലമായാണ് വൺവേ ഉണ്ടായത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ആയിരിക്കെ തൂങ്ങിമരിച്ച ഹരികുമാറെന്ന ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. തുടക്കത്തിൽ വലിയ എതിർപ്പുകൾ വന്നെങ്കിലും പിന്നീട് ചില സ്വാധീനങ്ങൾ ഇതിന് തടയിട്ടു.

വൺവേയ്ക്ക് ആക്ഷേപമുയരുന്നു

രണ്ടു വലിയ വ്യാപാര സ്ഥാപനങ്ങൾക്ക് ഒത്താശയായാണ് വൺവേയ്ക്ക് തുടക്കമായതെന്ന ആക്ഷേപമുണ്ട്. സ്ഥാപനങ്ങളിൽ തിരക്കില്ലാതെ വാഹനം കയറാനും ഇറങ്ങാനും വൺവേ തുണയായി. മറ്റു വ്യാപാരസ്ഥാപനങ്ങൾക്കും വാഹനയാത്രികർക്കും ഇത് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. കാൽനട യാത്രികർക്ക് റോഡ് ക്രോസ് ചെയ്യണമെങ്കിൽ മണിക്കൂറുകൾ കാത്തു നിൽക്കണം. ആലുംമൂട്ടിൽ വാഹനങ്ങളുടെ തിക്കും തിരക്കും പതിവാകുന്നു. ട്രാഫിക് പൊലീസ് മിക്കപ്പോഴും കുരുക്കഴിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മുൻപ് ബാലരാമപുരത്തായിരുന്നു തിരക്കെങ്കിൽ ഇപ്പോൾ നെയ്യാറ്റിൻകരയിലുമായി. 5വർഷം മുൻപത്തെ പോലെ നഗരത്തിലെ ട്രാഫിക് പുനഃസ്ഥാപിക്കണമെന്നാണ് റെസിഡന്റ്സ് ആസോസിയേഷനുകളുടെ ആവശ്യം. ഇതേ ആവശ്യവുമായി വ്യാപാര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അശാസ്ത്രീയമായ വൺവേക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ അറിയിച്ചു.

പ്രതികരണം: ആലുംമൂട് ജംഗ്ഷനിലെ ഗതാഗത പരിഷ്കാരം പഴയ സ്ഥിതിയിലാക്കാൻ നഗരസഭ ഇടപെടണം.

സുനിൽ മഞ്ചംതല, വ്യാപാരി

ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടിയതിനുശേഷം പരിഷ്കാരം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

പി.കെ.രാജ്മോഹൻ, നഗരസഭാ ചെയർമാൻ