വിതുര: പൊൻമുടി ചുള്ളിമാനൂർ റോഡിലെ വെള്ളക്കെട്ടിൽ പൊറുതിമുട്ടി ജനം. ഇവിടെ ചിലഭാഗങ്ങളിൽ ഓട നിർമ്മിച്ചിട്ടില്ല. നിർമ്മിച്ചവ അശാസ്ത്രീയമാണെന്നും ആക്ഷേപമുണ്ട്. മഴകനത്താൽ ഇവിടെ വീടുകളിലും കടകളിലും വെള്ളം കയറും. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ആനപ്പാറ ജംഗ്ഷനിലും തൊളിക്കോട് ജംഗ്ഷനിലും അനവധി കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു. ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണം നിശ്ചിതകാലാവധി കഴിഞ്ഞിട്ടും പണി എങ്ങുമെത്തിയിട്ടില്ലെന്നും പരാതിയുണ്ട്. മഴക്കാലമായാൽ പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാത വെള്ളത്തിൽ മുങ്ങും. ചുള്ളിമാനൂർ മുതൽ കല്ലാർ വരെയുള്ള ഭാഗത്താണ് ഏറെ പ്രശ്നം. ഒരുമാസം മുമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊൻമുടി സന്ദർശിച്ചപ്പോൾ റോഡിന്റെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജി.സ്റ്റീഫൻ എം.എൽ.എ റോഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ സബ്മിഷനും ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോഴും സ്ഥിതിഗതികൾ പഴയപടിതന്നെ.

അപകടക്കുഴികളും

ചുള്ളിമാനൂർ പൊൻമുടി റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. മഴയായതോടെ റോ‌ഡ് കൂടുതൽ ദുർഘടാവസ്ഥയിലായി. മന്നൂർക്കോണം മുതൽ ഇരുത്തലമൂല വരെയുള്ള ഭാഗത്തെ റോഡ് നിറയെ ഗട്ടറാണ്. ഇത്തരം കുഴികളിൽ പതിച്ച് അപകടങ്ങളും പതിവാകുന്നു. മഴയത്ത് ഗട്ടറുകളിൽ വെള്ളം നിറയും. ഈ മേഖലയിൽ ഓടകൾ നിർമ്മിക്കുന്നതിനായി റോഡരിക് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. റോഡ് പണിനടക്കുന്ന വിതുര തൊളിക്കോട് റോഡിൽ അടുത്തിടെ അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രതികരണം

ചുള്ളിമാനൂർ പൊൻമുടി റോഡ് നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. മഴയത്ത് കടകളിൽ വെള്ളം കയറുന്നതിന് പരിഹാരം കാണണം. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

എം.എസ്.രാജേന്ദ്രൻ

പ്രസിഡന്റ് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ്.