തിരുവനന്തപുരം: റെയിൽവേയുമായുള്ള കരാർ പുതുക്കാത്തതിനാൽ സെക്രട്ടേറിയറ്റിലെ റെയിൽവേ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിലച്ചു. അനക്‌സ് 2ന്റെ ആദ്യ നിലയിൽ പ്രവർത്തിക്കുന്ന കൗണ്ടറാണ് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുന്നത്.
വർഷാവർഷം റെയിൽവേയുമായുള്ള കരാർ പൊതുഭരണവകുപ്പ് പുതുക്കിയിരുന്നു.രണ്ട് ദിവസം മുൻപാണ് നിലവിലെ കരാർ കാലാവധി അവസാനിച്ചത്.എന്നാൽ ഇതു പുതുക്കിയിട്ടില്ല. ഭരണാവശ്യങ്ങൾക്കായി ഏറെ യാത്ര ചെയ്യേണ്ടവർ ഇവിടെ നിന്നാണ് ടിക്കറ്റ് റിസർവ് ചെയ്തിരുന്നത്.റിസർവേഷൻ ഓൺലൈനിലേക്ക് മാറ്റിയതോടെ ഇവിടെനിന്ന് ബുക്ക് ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞിരുന്നു.
2014ലാണ് ആദ്യമായി സെക്രട്ടേറിയറ്റിൽ കൗണ്ടർ തുറക്കുന്നത്.ആദ്യം പഴയ വിസിറ്റേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിന് സമീപമായിരുന്നു കൗണ്ടറിന്റെ പ്രവർത്തനം.2016ൽ അനക്‌സ് 2 ഉദ്ഘാടനം ചെയ്തതോടെ കൗണ്ടർ അവിടേക്ക് മാറ്റി സ്ഥാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു പ്രവർത്തനം. പൊതുഭരണ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരാണ് നോൺ റെയിൽ ഹെഡ് (റെയിൽവേ നേരിട്ട് നടത്താത്ത)കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്.എഗ്രിമെന്റ് പുതുക്കുന്നതിനനുസരിച്ച് കൗണ്ടർ വീണ്ടും പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
നിലവിൽ കൗണ്ടറുള്ളത് രണ്ടിടത്ത്
നിലവിൽ റെയിൽവേ റിസർവേഷൻ കൗണ്ടറുള്ളത് രണ്ടിടത്താണ്.റെയിൽവേ നേരിട്ട് പ്രവർത്തിപ്പിക്കുന്ന കൗണ്ടർ എം.എൽ.എ ഹോസ്റ്റലിലും മറ്റൊന്ന് റീജിയണൽ ക്യാൻസർ സെന്ററിലുമാണ്(ആർ.സി.സി).
പരാതി നൽകി
വിഷയത്തിൽ മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി,പൊതുഭരണ സെക്രട്ടറി എന്നിവർക്ക് സെക്രട്ടേറിയറ്റ് അസോസിയേഷൻ പരാതി നൽകി.കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ ടിക്കറ്റുകൾ എടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റെയിൽവേയുമായി പൊതുഭരണവകുപ്പ് കരാർ പുതുക്കാത്തതാണ് റിസർവേഷൻ സെന്റർ പ്രവർത്തിക്കാത്തതിന് കാരണമെന്നും ഇതിലിടപെടണമെന്നുമാണ് പരാതിയിലുള്ളത്.