binu-panippurael

ആറ്റിങ്ങൽ: വലിച്ചെറിയുന്ന ചിരട്ടയും മുളയും കൈയിൽ കിട്ടിയാൽ ബിനു പ്രകാശിന് ഹരമാണ്. ഇവയിൽ കൈപ്പണിയിൽ മനോഹരമായ എന്തും നിർമ്മിക്കാൻ തയ്യാറാണ് ബിനു. വെറുതെ വെട്ടിക്കളയുന്ന മുളയിൽ ദിവാൻ കോട്ട്,സോഫാ സെറ്റ്,ജഗ്,പുട്ടുകുറ്റി,ചെടിച്ചട്ടി തുടങ്ങിയവ. തേങ്ങ ചിരകിയ ശേഷം വലിച്ചെറിയുന്ന ചിരട്ടയിലാണെങ്കിൽ റാന്തൽ, നിലവിളക്ക്, തൂക്കുവിളക്ക്, കപ്പ്, ഗ്ലാസ്, ജഗ്ഗ്, ഭരണി, കെട്ടുവള്ളങ്ങൾ, കറികൾ വിളമ്പുന്ന തൂക്ക്, അടുക്കളയിൽ പാചകത്തിന് ഉപയോഗപ്രദമായ വിവിധ രൂപത്തിലും വലിപ്പത്തിലും ആകൃതിയിലുമുള്ള തവികൾ, മറ്റ് അലങ്കാര വസ്തുക്കൾ അങ്ങനെ നീളുന്നു ബിനുവിന്റെ കരവിരുതിൽ തീർക്കുന്ന വസ്തുക്കളുടെ പട്ടിക. സംസ്ഥാന ഫിഷറീസ് വകുപ്പിൽ പ്രൊമോട്ടറായി ജോലിനോക്കുന്ന വക്കം സ്വദേശി ബിനു ജോലി കഴിഞ്ഞുള്ള സമയം വാടകവീട്ടിൽ വിനോദത്തിന് തുടങ്ങിയതാണീ പണികൾ. ആദ്യം താമസിക്കുന്ന വീടിനടുത്ത് നിന്ന് അയൽവാസി മുറിച്ചുമാറ്റിയ മുളയിൽ കസേരയും സോഫയും ടീപ്പോയും ദിവൻകോട്ടും ചെടിച്ചട്ടിയുടെ കവർ, ഫിഷ് ടാങ്കിന്റെ മേൽക്കൂര, കാളവണ്ടി തുടങ്ങിയവ നിർമ്മിച്ചാണ് തുടക്കം. പിന്നീട് ചിരട്ടയും ഉപയോഗിച്ചുതുടങ്ങി. ഇതിനകം ആയിരത്തിലധികം ഉത്പന്നങ്ങൾ ചിരട്ടയിൽ നിർമ്മിച്ചിട്ടുണ്ട്. ഒരു ബ്ലേഡും പശയും പ്ലെയറും പിന്നെ ബിനുവിന്റെ കൈയും മനസും മാത്രമാണ് ഈ നിർമ്മാണങ്ങൾക്കു പിന്നിൽ. കട്ട് ചെയ്യാനും പോളിഷ് ചെയ്യാനും ഉപകരണങ്ങൾ കൂടി ലഭിച്ചാൽ ഇതിലും മനോഹരമാക്കാമെന്ന് ബിനു പറയുന്നു. ഇവയുടെ വിപണി കണ്ടെത്താനും ബിനു ആഗ്രഹിക്കുന്നു.