
ശിവഗിരി: പൗരാണിക തീർത്ഥാടന സങ്കല്പങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകിക്കൊണ്ടാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി നടന്ന ശിവഗിരിമഠം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. വർത്തമാനകാലം നേരിടുന്ന വെല്ലുവിളികളെ തിരുത്താനും മാറ്റാനും ശിവഗിരി തീർത്ഥാടനത്തിലൂടെ കഴിയണം. വിദ്യാഭ്യാസ, ശുചിത്വ, കാർഷിക, ആരോഗ്യ മേഖലകളുൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്ന ചർച്ചകൾ തീർത്ഥാടന സമ്മേളനത്തിലെ മുഖ്യ വിഷയമാകണമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തീർത്ഥാടന വിശദീകരണം നടത്തി. ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ, എസ്.ഷാജി (മെഡിക്കൽ മിഷൻ ആശുപത്രി), പ്രേംചന്ദ്രബാബു, ജെ.നിമ്മി, ബിന്ദു, ഒ.വി. കവിത, സലീന, സിനിമോൾ, ഗംഗ, സ്മിത തുടങ്ങിയവർ സംസാരിച്ചു. ശ്രീലക്ഷ്മി പ്രാർത്ഥന ചൊല്ലി.