ko

കോവളം: വെള്ളായണി കായലിൽ വീണ്ടും ആഫ്രിക്കൻ പായലും കുളവാഴയും പെരുകി ചതുപ്പ് നിലമായി മാറുന്നു. കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെയും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന മുട്ടയ്ക്കാട് കടവിൽമൂല ഭാഗത്തുള്ള കായലിലാണ് പായൽ വളർന്ന് പന്തലിക്കുന്നത്.

കടവിൻമൂല കായലിന്റെ മദ്ധ്യഭാഗത്തുള്ള ഒരുഭാഗം രണ്ട് വർഷം മുൻപ് വൃത്തിയാക്കിയിരുന്നു. എന്നാൽ മറുഭാഗം ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. കല്ലിയൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാറ്റിലൂടെ ഒഴുകിയെത്തുന്ന പായൽ ബണ്ടിൽ തട്ടി നിൽക്കുന്നതാണ് പ്രശ്നമാകുന്നത്. ദിവസങ്ങൾ കഴിയുന്തോറും പായൽ വളർന്ന് തുടങ്ങുകയും ചതുപ്പായി തീരുകയും ചെയ്യും.കായലിന്റെ പലഭാഗവും പായലും പുല്ലും വളർന്ന് മൂടിയ അവസ്ഥയിലാണ്.

വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനായി സംസ്ഥാന സർക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് ഏതാനും വർഷം മുമ്പ് കായൽ വൃത്തിയാക്കിയത്.റിവൈവ് വെള്ളായണി പദ്ധതിയുടെ ഭാഗമായാണ് കായലിലെ ആഫ്രിക്കൻ പായലും കുളവാഴയും നീക്കം ചെയ്തത്. 2800 ലോഡ് പായലാണ് അന്ന് നീക്കം ചെയ്തത്.മൂന്ന് ഘട്ടങ്ങളായാണ് കായലിന്റെ പുനരുജ്ജീവനത്തിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സർവേയിലൂടെ വിവരശേഖരണവും രൂപരേഖയും തയ്യാറാക്കലും രണ്ടാംഘട്ടത്തിൽ യന്ത്രമുപയോഗിച്ച് പായലും പായൽ ചീഞ്ഞുണ്ടായ ചെളിയും നീക്കം ചെയ്യലും നിലവിലുള്ള തുരുത്തിനെ സംരക്ഷിച്ച് പക്ഷിസങ്കേതമാക്കി മാറ്റിയെടുക്കാനും പദ്ധതിയിരുന്നു.

മൂന്നാംഘട്ടത്തിൽ ജലശുദ്ധീകരത്തിനായി സൂക്ഷ്മാണുക്കളെ ഉപയോഗിക്കാനും രാമച്ചക്കെട്ടുകൾ നിക്ഷേപിക്കാനുമായിരുന്നു പദ്ധതി. തുടർന്ന് കായൽ സൗന്ദര്യവത്കരണം.സമീപത്തുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തി ജനജാഗ്രതാസമിതി രൂപീകരിച്ച് കായലിനെ വീണ്ടെടുക്കാനായിരുന്നു പദ്ധതി.എന്നാൽ ഇവയെല്ലാം ഫയലിൽ ഉറങ്ങുകയാണ്.

ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി കായൽ സംരക്ഷിച്ചില്ലെങ്കിൽ വരുന്ന വേനൽക്കാലത്ത് കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടിവരുമെന്ന് കായൽ സ്നേഹികൾ പറയുന്നു

കുളവാഴ ദോഷമാകുന്നു

കായലിലെ ജലത്തിന് ദുർഗന്ധം

മീനൊന്നും കിട്ടാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു

വെള്ളത്തിന് നാറ്റം

പായലിന്റെ മൂട് അഴുകിയാണ് വെള്ളത്തിന് ദുർഗന്ധം ഉണ്ടാകുന്നതെന്നാണ് വിശദീകരണം. പായൽ അഴുകുന്നത് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കും. ഇത് കായലിലെ ജൈവ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്. കായലിലെ മത്സ്യസമ്പത്ത് കുറയാനും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.