
തിരുവനന്തപുരം: ഒരിക്കൽ കൂടി കറുപ്പും വെളുപ്പും നിറത്തിലെ യൂണിഫോം ധരിച്ച് പൂർവവിദ്യാർത്ഥികൾ മോഡൽ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി.സ്കൂൾ അസംബ്ലിയും ദേശീയ പ്രതിജ്ഞ ചൊല്ലലും ഒക്കെയായി പഴയകാല സ്കൂൾ ഓർമ്മകൾ പുതുക്കി മൈ സ്കൂൾ,മോഡൽ സ്കൂൾ എന്ന സ്ലോഗൺ ചൊല്ലി പഴയ ചങ്ക് ബ്രോകളായി.
സ്കൂളിലെ എസ്.എസ്.എൽ.സി 77 ബാച്ചുകാരനും ദേശീയ ബാന്റ്മിന്റൻ താരവുമായ യു.വിമൽകുമാർ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു.സ്കൂൾ പരിസരത്ത് പഴയ സ്കൂൾ കാലത്തെ ഓർമ്മപ്പെടുത്തുംവിധം കപ്പലണ്ടി,നാരാങ്ങാ,തേങ്ങാ മിഠായികളും,ഐസ് സ്റ്റിക്ക്,ഉപ്പിലിട്ട നെല്ലിക്ക,കാരയ്ക്കാ എന്നിവയും കൂട്ടുകാർക്കായി സംഘം ഒരുക്കിയത് നൊസ്റ്റാൾജിയ പടർത്തി. മരിച്ചുപോയ ഗുരനാഥന്മാരെയും സഹപാഠികളെയും കൂട്ടായ്മ അനുശോചിച്ചു. സ്വാഗതസംഘം ചെയർമാൻ എ.സമ്പത്ത് അദ്ധ്യക്ഷനായി.സൂര്യ കൃഷ്ണമൂർത്തി,മുൻ അദ്ധ്യാപകൻ ആറ്റുകാൽ രാധാകൃഷ്ണൻ,സ്വാഗതസംഘം കൺവീനർ പ്രകാശ് സി.പി,പ്രിൻസിപ്പൽ പ്രമോദ്,ഐ.ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തിയെയും പൂർവ അദ്ധ്യാപകരെയും ആദരിച്ചു.