
തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖല കൈവരിക്കുന്ന നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മന്ത്രി വീണാ ജോർജിനെയും തിരുവനന്തപുരം കോപ്പറേഷന്റെ മികച്ച പ്രവർത്തനത്തിലൂടെ യു.എൻ അവാർഡ് നേടിയ മേയർ ആര്യാ രാജേന്ദ്രനെയും കേരളകൗമുദി ആദരിക്കുന്നു. കേരളകൗമുദി സംഘടിപ്പിക്കുന്ന ആരോഗ്യമേഖലയിലെ ചരിത്രനേട്ടങ്ങൾ എന്ന മെഡിക്കൽ സെമിനാർ ആൻഡ് ഹെൽത്ത് എക്‌സ്‌പോയിൽ വച്ചാണ് ആദരവ് നൽകുന്നത്. ചൊവ്വാഴ്ച രാവിലെ 10.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇരുവർക്കും കേരളകൗമുദി ഡയറക്ടർ ശൈലജ രവി ഉപഹാരം നൽകും.
ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനം ലഭിച്ചതും മികച്ച ആരോഗ്യ സേവനങ്ങൾ ഒരുക്കൽ,പൊതുജനാരോഗ്യ സൂചികകളെ മന്നോട്ട് നയിക്കൽ,ദേശീയ അന്തർ ദേശീയ തലത്തിൽ 27 പുരസ്‌കാരങ്ങളും, ബഹുമതികളും നേടിയെടുക്കാനായതും,വയനാട് ദുരന്തമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രി വീണാ ജോർജിനെ ആദരിക്കുന്നത്. മലയാളികൾക്ക് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടമാണ് സുസ്ഥിര വികസനത്തിനുള്ള യു.എൻ ഹാംങ് ഹായ് ഗ്ലോബൽ അവാർഡിലൂടെ മേയർ ആര്യാ രാജേന്ദ്രൻ സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതികളും നേട്ടങ്ങളും വിലയിരുത്തിയാണ് ഈ അവാർഡ് ലഭിക്കുന്നത്. നഗരത്തിന്റെ വികസന കുതിപ്പിന് വേഗംകൂട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ കഴിഞ്ഞ നാലു വർഷത്തെ നേതൃപാടവവും അക്ഷീണ പ്രയത്നങ്ങളും പരിഗണിച്ചാണ് ആദരം നൽകുന്നത്.