raid

പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ അർദ്ധരാത്രിയിൽ പൊലീസ് നടത്തിയ റെയ്ഡ് വൻ വിവാദമായിരിക്കുകയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശമോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോ ഇല്ലാതെയായിരുന്നു പൊലീസിന്റെ പാതിരാ റെയ്ഡ്. കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനുമടക്കം താമസിച്ച 12മുറികളിൽ അർദ്ധരാത്രിയിൽ തുടങ്ങി പുലർച്ചെ വരെ നീളുന്ന മാരത്തോൺ റെയ്ഡുകളാണ് പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയത്. ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടർ പോലും റെയ്ഡ് തീരാറായപ്പോഴാണ് വിവരമറിഞ്ഞത്.

വനിതാ ഉദ്യോഗസ്ഥർ ഒപ്പമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് സംഘം പ്രതിഷേധത്തെത്തുടർന്ന് ആദ്യം മടങ്ങിയെങ്കിലും പിന്നീട് ഒരു ഉദ്യോഗസ്ഥയെക്കൂടി സംഘത്തിൽ കൂട്ടിയെത്തി പരിശോധന പൂർത്തിയാക്കുകയായിരുന്നു. പുരുഷ പൊലീസുകാർ വനിതാ നേതാക്കളുടെ വസ്ത്രങ്ങളടങ്ങിയ പെട്ടികൾ ചാനൽ ക്യാമറകളുടെ മുന്നിൽവച്ചു പരിശോധിച്ചതിനെതിരേ പരാതി ലഭിച്ചിട്ടും ഡി.ജി.പി അനങ്ങിയിട്ടില്ല. വനിതാ നേതാക്കളുടെ പെട്ടിയിലുള്ളതെല്ലാം വലിച്ചുവാരിയിട്ടു. പരിശോധനയുടെ പേരിൽ നടന്നതു സ്ത്രീത്വത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നതിൽ തർക്കമില്ല.

പാലക്കാട്ടെ പൊലീസ് പാതിരാ റെയ്ഡിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി സതീശനടക്കം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണെന്നും ആദ്യം പറഞ്ഞ പൊലീസ്, വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് മലക്കംമറിഞ്ഞു. എതിർ പാർട്ടികളിലുള്ളവരാണ് വിവരം നൽകിയതെന്നും വിശദീകരണമുണ്ടായി. റെയ്ഡ് സമയത്ത് ഹോട്ടലിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകരെത്തിയതും ദുരൂഹമാണ്. 12 മുറികൾ അരിച്ചുപെറുക്കിയിട്ടും കള്ളപ്പണം കണ്ടെത്താനുമായില്ല. മറ്റാർക്കോ വേണ്ടിയാണ് പൊലീസ് റെയ്ഡ് ആസൂത്രണം ചെയ്തതെന്ന ആരോപണവുമുണ്ട്.

റെയ്ഡ് വനിതാ

പൊലീസില്ലാതെ

വനിതാ ഉദ്യോഗസ്ഥരാരുമില്ലാതെ, അർദ്ധരാത്രിക്കുശേഷമെത്തിയ പെ‍ാലീസ് സംഘം ആദ്യം മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പോ വ്യക്തമായ കാരണമോ നൽകാതെ കയറുകയായിരുന്നു. ഇതിനുപിന്നാലെ, കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തു സംഘടിച്ചെത്തി. ഇതോടെ മുറികൾ പൂട്ടി ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പുറത്തിറങ്ങിനിന്നു. ഇവരുടെ ആവശ്യപ്രകാരമാണ്, അരമണിക്കൂറിനുശേഷം വനിതകൂടി ഉൾപ്പെട്ട സംഘമെത്തി സാധനസാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയതും ഒന്നും കണ്ടെത്താതെ മടങ്ങിയതും. പാലക്കാട് ജില്ലാ തിരഞ്ഞെടുപ്പു വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു ചെലവു പരിശോധനയ്ക്കും കള്ളപ്പണം നിരീക്ഷിക്കുന്നതിനുമായി 57 സ്ക്വാഡുകൾ രംഗത്തുണ്ട്. ഫ്ലയിംഗ് സ്ക്വാ‍ഡ് ഉൾപ്പെടെയാണിത്. ഇതിൽ ചില സ്ക്വാഡുകളിൽ പൊലീസുമുണ്ട്. ഇവരാരും അറിയാതെയായിരുന്നു എ.എസ്.പിയുടെ നേതൃത്വത്തിലെ പാതിരാ റെയ്ഡ്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകൾ കൈക്കൊള്ളണമെന്നും ചുമതലകൾ നിർവഹിക്കുമ്പോൾ പക്ഷപാതരഹിതമാണെന്ന് ഉറപ്പാക്കണമെന്നും ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷപാതപരമായ നടപടികളുടെ പേരിൽ മഹാരാഷ്ട്ര ഡി.ജി.പി രശ്മി ശുക്ലയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. റെയ്ഡിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, റെയ്ഡിന് നേതൃത്വം വഹിച്ച അസി. സൂപ്രണ്ട് അശ്വതി ജിജി എന്നിവയെടക്കം മാറ്രാനിടയുണ്ട്. നീതിയുക്തമായ തിരഞ്ഞെടുപ്പിന് സഹായകമാകില്ലെന്ന് കണ്ടെത്തിയാലാവും ഉദ്യോഗസ്ഥരെ മാറ്റുക. നിത്യേനയുള്ള ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസ് ആസ്ഥാനത്തെ നോഡൽ ഓഫീസർ നൽകിയ റിപ്പോർട്ടിൽ റെയ്ഡിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ തിടുക്കവും നിഷ്പക്ഷമല്ലാത്ത നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് വിലയിരുത്തൽ.

കള്ളപ്പണം

പിടിക്കേണ്ടവരും അറിഞ്ഞില്ല

കള്ളപ്പണം പിടിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ള മോണിട്ടറിംഗ് സെല്ലും റെയ്ഡ് വിവരമറിഞ്ഞില്ല. ഈ സെല്ലിന് സംരക്ഷണം നൽകേണ്ട ചുമതലയാണ് പൊലീസിന്. റെയ്ഡിന് റവന്യൂ ഉന്നതഉദ്യോഗസ്ഥൻ സാക്ഷിയാവണമെന്നും വീഡിയോയിൽ പകർത്തണമെന്നുമുള്ള ചട്ടവും പാലിച്ചില്ല. ഉന്നത പൊലീസുദ്യോഗസ്ഥരും വിവരമറിഞ്ഞിരുന്നില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സമയത്ത് പരാതിയില്ലെങ്കിലും സംശയമുള്ള വാഹനം പരിശോധിക്കാം. ഹോട്ടലിൽ കയറി പരിശോധന നടത്താറില്ല. പൊലീസ് അത്തരത്തിൽ പരിശോധന നടത്തിയാൽ അതിന്റെ ആവശ്യം കമ്മിഷനു ബോദ്ധ്യപ്പെടണം. വനിതാ പൊലീസോ വനിതാ ഉദ്യോഗസ്ഥരോ ഇല്ലാതെ വനിതകൾ മാത്രമുള്ള മുറിയിൽ ഇത്തരം റെയ്ഡുകൾ നടത്താറില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ ജില്ലയിലെ ഉദ്യോഗസ്ഥർ മുഴുവൻ കമ്മിഷന്റെ നിയന്ത്രണത്തിലായിരിക്കും. അവരെ മന്ത്രിമാർ അടക്കമുളള സർക്കാരിന്റെ പ്രധാനികൾ യോഗത്തിനു വിളിക്കാനോ ഫോണിൽ ബന്ധപ്പെടാനോ പാടില്ലെന്നാണു മാർഗനിർദ്ദേശം. പാലക്കാട്ടെ റെയ്ഡിൽ ഇതും ലംഘിക്കപ്പെട്ടതായാണ് വിവരം.

റെയ്ഡ് നടപടികളെല്ലാം ലംഘിച്ച്

​പാ​ല​ക്കാ​ട്ട് ​കോ​ൺ​ഗ്ര​സ് ​വ​നി​താ​ ​നേ​താ​ക്ക​ളു​ടെ​ ​മു​റി​യി​ൽ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​ന​ട​ന്ന​ ​പൊ​ലീ​സ് ​റെ​യ്ഡി​ൽ​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​നോ​ക്കു​കു​ത്തി​യാ​ക്കി​ ​പൊ​ലീ​സി​നെ​ ​സി.​പി.​എം​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ക​യാ​ണ്. അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ ​റെ​യ്ഡി​നെ​ത്തി​യ​ ​പൊ​ലീ​സ് ​എ​ല്ലാ​ ​നി​യ​മ​ങ്ങ​ളും​ ​കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​കോ​ൺ​ഗ്ര​സ് ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗ​വു​മാ​യ​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ന്റെ​യും​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ ​ബി​ന്ദു​ ​കൃ​ഷ്ണ​യു​ടെ​യും​ ​മു​റി​ക​ൾ​ ​പ​രി​ശോ​ധി​ച്ച​ത്.​ ​പ​രി​ശോ​ധ​ന​ ​സം​ബ​ന്ധി​ച്ച് ​ഭാ​ര​തീ​യ​ ​ന്യാ​യ​ ​സം​ഹി​ത​യി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ ​ഒ​രു​ ​ന​ട​പ​ടി​ക്ര​മ​വും​ ​പാ​ലി​ച്ചി​ല്ല. രാ​ത്രി​ 12​ന് ​ശേ​ഷം​ ​തു​ട​ങ്ങി​യ​ ​പ​രി​ശോ​ധ​ന​ ​പു​ല​ർ​ച്ചെ​ 2.30​ ​ആ​യ​പ്പോ​ഴാ​ണ് ​എ.​ഡി.​എ​മ്മും​ ​ആ​ർ.​ഡി.​ഒ​യും​ ​സ്ഥ​ല​ത്തെ​ത്തി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ട​വും​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​നി​ല​നി​ൽ​ക്കെ​ ​പൊ​ലീ​സി​നെ​ ​ഉ​പ​യോ​ഗി​ച്ച് ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് നൽകിയ ​പ​രാ​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.