തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം ആറാട്ടോടു കൂടി കൊടിയിറങ്ങി. ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച ആറാട്ടിന്റെ ചടങ്ങുകൾ രാത്രി പത്തോടെ സമാപിച്ചു. മഹാവിഷ്ണുവിന്റെ നാമങ്ങളുരുവിട്ട് നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ നിറപറയും നിലവിളക്കും പൂജാദ്രവ്യങ്ങളുമൊരുക്കി നാമജപവുമായി ഭക്തർ വിഗ്രഹങ്ങളെ വണങ്ങി.
ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് സ്വർണ ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു.
ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധനയും കഴിഞ്ഞ് പടിഞ്ഞാറെനട വഴിയാണ് ആറാട്ട് എഴുന്നള്ളത്ത് പുറത്തിറങ്ങിയത്. വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതിന് മുൻപ് പോറ്റിമാർക്ക് വാളും കോടിയും നൽകുന്ന ചടങ്ങും നടന്നു.
വിഗ്രഹഘോഷയാത്ര ക്ഷേത്രത്തിന് പുറത്തിറങ്ങിയതോടെ ഭക്തർ വായ്ക്കുരവകളും പദ്മനാഭസ്തുതികളും ഉയർത്തി. ഘോഷയാത്ര വിളംബരം ചെയ്ത് പെരുമ്പറകൾ കെട്ടിയ ആന മുന്നിൽ നടന്നു.കോൽക്കാരും,കുന്തക്കാരും,വാൾക്കാരും,സായുധ പൊലീസും,റവന്യു വകുപ്പ് ജീവനക്കാരും അകമ്പടിയായി. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് മുന്നിൽ നടന്നു.ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ ആദിത്യവർമ്മ,തുളസീ ഭാസ്‌കരൻ,കരമന ജയൻ,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ്,മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവരും യോഗത്തിൽ പോറ്റിമാരും എഴുന്നള്ളത്തിൽ പങ്കെടുത്തു.24 കീഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്.
പടിഞ്ഞാറെക്കോട്ട കടന്നപ്പോൾ 21 ആചാരവെടികൾ മുഴങ്ങി.വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി.തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം,അരകത്ത് ദേവീ ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും കൂടിയാറാട്ടിനായി എഴുന്നള്ളിച്ചിരുന്നു.
ശംഖുംമുഖത്തെ കൽമണ്ഡപത്തിലിറക്കിവച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പ്രത്യേകം തയാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് മാറ്റി.തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പൂജകൾ നടന്നു.പെരിയനമ്പി സഹകാർമ്മികനായിരുന്നു.തുടർന്ന് മൂന്ന് തവണ വിഗ്രഹങ്ങൾ സമുദ്രത്തിലാറാടിച്ചു. അഭിഷേകവും പൂജയും കഴിഞ്ഞ് തന്ത്രി പ്രസാദം വിതരണം ചെയ്തു.നിരവധി ഭക്തരാണ് ആറാട്ട് കാണാൻ ശംഖുംമുഖത്ത് തടിച്ചുകൂടിയത്.തിരിച്ചെഴുന്നള്ളത്ത് രാത്രിയോടെ ക്ഷേത്രത്തിലെത്തി.തന്ത്രിയുടെ നേതൃത്വത്തിൽ കൊടിയിറക്ക് പൂജ നടന്നു.ഇന്ന് രാവിലെ ആറാട്ട് കലശം നടക്കും.