
കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തെരുവ് നായ്ക്കൾ ശല്യമാകുന്നു. മുൻപ് രാത്രിയിൽ മാത്രമാണ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ പകലും കൂട്ടത്തോടെ സ്റ്റാൻഡിൽ നിറയുകയാണ്. ബസ് കാത്തു നിൽക്കുന്നിടത്തും ഡിപ്പോയ്ക്കകത്തും ചെറുതും വലുതുമായ മുപ്പതോളം നായ്ക്കളാണ് വിഹരിക്കുന്നത്. ബസ് കയറാൻ എത്തുന്നവർക്ക് പുറകേ ഓടുന്നതും പതിവ് കാഴ്ചയാണ്.
യാത്രക്കാർ ഭയത്തോടെയാണ് ഇപ്പോൾ സ്റ്റാൻഡിൽ എത്തുന്നത്. കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാൻഡിനകത്ത് നായ്ക്കൾ ഓടിച്ചാൽ കുഴിയിൽ വീണ് കൈയൊ കാലോ ഒടിയുമെന്നതിൽ സംശയമില്ല. മാസങ്ങളായി ഡിപ്പോയ്ക്ക് അകത്തെഭാഗം കുണ്ടും കുഴിയും നിറഞ്ഞു കിടക്കുകയാണ്. മഴക്കാലം കൂടി ആയതോടെ ഒരോ കുഴികളിലും വെള്ളം നിറഞ്ഞ് കുളമായ അവസ്ഥയിലാണ്. വാഹനങ്ങൾ ഓടുന്നിടമെല്ലാം ഇത്തരത്തിൽ തകർന്നു കഴിഞ്ഞു.
ബസ് വരുമ്പോൾ ബസിലേക്ക് കയറാൻ ഓടി പോകുന്ന യാത്രക്കാർ കുഴിയിൽ വീഴുന്നതും നിത്യസംഭവമാണ്.
പൊട്ടിപ്പൊളിഞ്ഞ്
തിരുവനന്തപുരം - കൊട്ടാരക്കര സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് കിളിമാനൂർ ഡിപ്പോ. നിത്യേന ദീർഘദൂര സർവ്വീസടക്കം നിരവധി ബസുകൾ കയറി ഇറങ്ങുന്ന ഇടമായിട്ടും പൊട്ടിപ്പൊളിഞ്ഞ യാർഡ് കണ്ടതായിപ്പോലും ആരും ഭാവിക്കുന്നില്ല.
വർഷങ്ങൾക്ക് മുൻപാണ് ഇവിടെ നവീകരണം നടത്തിയത്.
ഡിപ്പോയുടെ യാർഡ് നവീകരിക്കണം
ഫ്യൂവൽസ് ഔട്ട് ലെറ്റ് സ്ഥാപിച്ചതോടെ സ്റ്റേഷനകത്ത് സ്ഥല പരിമിതിയുമുണ്ട്. ഇന്ധനം നിറയ്ക്കാൻ ഡിപ്പോയിലേക്ക് സ്വകാര്യ വാഹനങ്ങളും വരുന്നുണ്ട്. തകർന്നു കിടക്കുന്ന യാർഡിലൂടെ വേണം സ്വകാര്യ വാഹനങ്ങളും ഡിപ്പോയിലേക്ക് കയറി ഇറങ്ങാൻ. ഡിപ്പോയുടെ യാർഡ് നവീകരിക്കാൻ ഒരു കോടി ഫണ്ട് ഫണ്ട് അനുവദിച്ചതായി എം.എൽ.എ പറഞ്ഞിട്ട് ഒരു വർഷത്തിലധികമായി. എന്നിട്ടും നടപടിയായിട്ടില്ല.