mercykutty

തിരുവനന്തപുരം : രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ.പ്രശാന്ത് വില്ലനാണെന്ന് ആരോപിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മ രംഗത്ത് എത്തി.

കാര്യങ്ങൾ വിശദമാക്കുന്ന കുറിപ്പാണ് അവർ ഫേസ് ബുക്കിലിട്ടതെങ്കിലും പ്രശാന്ത് മറുപടി പറഞ്ഞില്ല.

മന്ത്രിയായിരുന്നപ്പോൾ താൻ നേരിട്ട ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന് പിന്നിൽ ഇൻലാൻഡ് നാവിഗേഷൻ എം.ഡിയായിരുന്ന പ്രശാന്തും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിരുന്നെന്ന് മുൻമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആരോപണത്തിന് മറുപടിയുണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ചോദ്യത്തിന് ഹൂ ഈസ് ദാറ്റ് ?എന്നായിരുന്നു പ്രശാന്തിന്റെ മറുചോദ്യം.

2021ഫെബ്രുവരിയിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോൾ 5000 കോടിയുടെ ആഴക്കടൽ ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് അനുമതി നൽകിയെന്ന് രമേശ് ചെന്നിത്തല വെടിപൊട്ടിച്ചു.

മാദ്ധ്യമപ്രവർത്തകർ ഫിഷറീസ് മന്ത്രിയെന്ന നിലയിൽ എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ അടിസ്ഥാന രഹിതമാണെന്ന് മറുപടി നൽകി. പിന്നാലെ, അമേരിക്കൻ മലയാളിയുമായി 5000കോടിയുടെ എം.ഒ.യു ഒപ്പുവെച്ചതിന്റെ രേഖ ചെന്നിത്തല പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് എം.ഒ.യുവിൽ ഒപ്പുവച്ചെന്നായിരുന്നു ആരോപണം.ഇൻലാൻഡ് നാവിഗേഷൻ എം.ഡിയായ

പ്രശാന്തുമായിട്ടായിരുന്നു കരാർ ഒപ്പിട്ടത്. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്തുമായി ചെന്നിത്തല നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് 'ആഴക്കടൽ' വിൽപ്പനയെന്ന 'തിരക്കഥ'.

തീരദേശമണ്ഡലങ്ങൾ ആകെ യു.ഡി.എഫിന് ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം.രമേശ് ചെന്നിത്തലയ്ക്കും യു.ഡി.എഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് വീണ്ടും വില്ലൻ റോളിൽ. സത്യമേവ ജയതേ എന്ന വാക്കോടെയാണ് മേഴ്സിക്കുട്ടിയമ്മയുടെ കുറിപ്പ് അവസാനിക്കുന്നത്.

നെറിയില്ലാത്ത ആക്ഷേപം

വ്യവസായ വകുപ്പ് കൊച്ചിയിൽ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികൾ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇൻലന്റ് നാവിഗേഷൻ എം.ഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ.എം.സി.സി യുമായി എം.ഒ.യു ഒപ്പുവെയ്ക്കുന്നത്. അതും ആ സർക്കാരിന്റെ അവസാന ദിവസങ്ങളിൽ. ഇതേ ഇ.എം.സി.സിക്കാരനാണ് കുണ്ടറയിൽ എനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാർത്ഥി. ഈ സ്ഥാനാർത്ഥിയെ നിർത്തിയതിനു പിന്നിൽ ദല്ലാൾ നന്ദകുമാറും. എന്നിട്ട് തിരഞ്ഞെടുപ്പ് ദിവസം ഒരു ബോംബ് സ്‌ഫോടന നാടകവും അരങ്ങേറി.ഫിഷറീസ് വകുപ്പിന് ഒരു ബന്ധവുമില്ലാത്ത ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി 'കടൽ വിറ്റു' എന്ന് നെറിയില്ലാത്ത ആക്ഷേപം അരങ്ങേറി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയമായ ദുഷ്ടലാക്ക് മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള നുണപ്രചാരണത്തിന് ഞാൻ ക്രൂരമായി വിധേയമായി. പക്ഷേ,മത്സ്യത്തൊഴിലാളികൾ കുപ്രചരണത്തിൽ വീണില്ല. 97ശതമാനം തീരദേശമണ്ഡലങ്ങളും എൽ.ഡി.എഫ് നേടി.