anilkumar

ആറ്റിങ്ങൽ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ ചിറക്കുളം കോളനിയിൽ അനിൽകുമാർ (44,കള്ളൻ കുമാർ)ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആറ്റിങ്ങൽ പാലസ് റോഡിൽ ദിൽ വീട്ടിൽ സ്വയംപ്രഭ - പത്മനാഭറാവു ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ പകുതി തകർത്ത് അകത്ത് കയറിയ പ്രതി കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇവർ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. വിവിധ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ മാസ്ക് ധരിച്ച ഒരാളെ വീടിന് സമീപം കണ്ടതായും തുടർന്ന് മോഷ്ടാവ് അനിൽ കുമാർ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. പ്രതി തിരുവനന്തപുരം ശ്രീവരാഹത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറ്റിങ്ങൽ എസ് എച്ച്.ഒ ഗോപകുമാർ, എസ്.ഐ മാരായ ജിഷ്ണു, ബിജു, എസ്.സി.പി.ഒമാരായ ശരത് കുമാർ, നിധിൻ, പ്രശാന്ത്, പ്രദീപ്, മനോജ്, രാജീവൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

പുറത്തിറങ്ങിയിട്ട് ദിവസങ്ങൾ

അമ്പതിൽപ്പരം മോഷണക്കേസുകളിലായി അനിൽകുമാർ 15ഓളം കേസുകൾക്ക് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സെപ്തംബർ 13നാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 2002ൽ തിരുവനന്തപുരം തൈക്കാട് രാജേഷ് നായരുടെ വീട്ടിൽ നിന്ന് 130 പവൻ, തുമ്പ ഗ്രിഗറിയുടെ വീട്ടിൽ നിന്ന് 48 പവൻ, മെഡിക്കൽ കോളേജിലെ ഒരു വീട്ടിൽനിന്ന് 80 പവൻ, തമ്പാനൂർ സ്റ്റേഷൻ പരിധിയിൽനിന്ന് 65പവൻ എന്നിങ്ങനെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഫിംഗർപ്രിന്റ് ലഭിക്കാതിരിക്കാൻ കൈയുറ ധരിച്ച് മോഷണം നടത്തുന്നതാണ് അനിൽകുമാറിന്റെ പതിവ്.