p

തിരുവനന്തപുരം: സംസ്ഥാന വിപണിയിൽ അരിക്കിപ്പോൾ വിലയിറക്കത്തിന്റെ കാലം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മട്ട അരിയുടെ വിലയിൽ നാലു രൂപയുടെ കുറവുണ്ടായി. മട്ട വടി അരിക്ക് കിലോഗ്രാമിന് 45 രൂപ മുതൽ 49 രൂപവരെയാണ് ഇന്നലെ ചാലയിലെ മൊത്ത വിതരണ കേന്ദ്രത്തിലെ വില. മട്ട ഉണ്ട അരിക്ക് 39 മുതൽ 43 രൂപവരെയാണ്. ചില്ലറ വിപണിയിൽ അഞ്ചു മുതൽ 8 രൂപയുടെ വരെ വർദ്ധനവ് ഉണ്ടാകും.

മറ്റിനം അരി വിലയിലും വർദ്ധനവുണ്ടായിട്ടില്ല. കഴി‌ഞ്ഞ വർഷം അരിവില ഇതേ സമയത്ത് 55 മുതൽ 60 രൂപ വരെ കുതിച്ചുയർന്നിരുന്നു. തൃശൂരിലും പാലക്കാട്ടും നെൽകൃഷി ഉത്പാദനവും, തമിഴ്നാട്ടിൽനിന്നും കർണ്ണാടകത്തിൽ നിന്നും അരിവരവും കൂടിയതാണ് വിലയിൽ കുറവു വരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

എം.ആർ.പി കണ്ട് പേടിക്കേണ്ട

മട്ട ഉൾപ്പെടെയുള്ള അരി പത്ത് കിലോഗ്രാം പായ്ക്കിന് 700 മുതൽ 800 രൂപവരെ എം.ആർ.പിയായി രേഖപ്പെടുത്തിയിരിക്കും. എന്നാൽ സൂപ്പർമാർക്കറ്റുകളിലൂടെ വിപണനം ചെയ്യുന്ന അരിക്ക് വിലയിൽ മിക്കവാറും 25% കുറവ് തുടങ്ങിയ ഓഫറുകൾ ലഭിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

വില കൂടിയത് വെളിച്ചെണ്ണയ്ക്കും സവാളയ്ക്കും

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വില വർദ്ധിച്ചത് സവാളയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രമാണ്. സവാള വില മിക്കയിടത്തും ഇന്നലെ കിലോഗ്രാമിന് 90 രൂപവരെയെത്തി. വെളിച്ചെണ്ണ ലിറ്ററിന് 190 രൂപയാണ് വില. മറ്റു പലവ്യഞ്ജനങ്ങൾക്ക് വില കൂടിയിട്ടില്ല. തേങ്ങ വിലയിൽ നേരിയ കുറവ് വന്നു തുടങ്ങിയതിനാൽ വെളിച്ചെണ്ണ വിലയിൽ വൈകാതെ കുറവുണ്ടാകും. അടുത്ത മാസത്തോടെ സവാള വിലയും കുറയും.

അരിവില ഇന്നലെ (മൊത്ത വ്യാപാരം ചാലമാർക്കറ്റ്)

മട്ട വടി ₹45- 59

മട്ട ഉണ്ട ₹39- 43

ആന്ധ്രവെള്ള (ജയ) ₹39 - 42

സുരേഖ ₹42- 46