തിരുവനന്തപുരം/വയനാട് : എസ്.സി,​ എസ്.ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നതവിദ്യാഭ്യാസം നൽകാൻ ആവിഷ്കരിച്ച 'ഉന്നതി" പദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ ധനസഹായവും വൈകുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.

ഓരോ സെമസ്റ്രർ കഴിയുമ്പോഴും അടുത്ത സെമസ്റ്രറിനുള്ള ഫീസും താമസച്ചെലവും യാത്രാച്ചെലവും ഉൾപ്പെടെ വിതരണം ചെയ്യുന്നതാണ് രീതി. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 15 മുതൽ 25 ലക്ഷം വരെയാണ് ഗ്രാന്റായി നൽകുന്നത്. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെയാണ് തിരിച്ചടവില്ലാത്ത ഈ സാമ്പത്തിക സഹായം നടപ്പാക്കിയത്. 455 വിദ്യാർത്ഥികളാണ് പല സമയങ്ങളിലായി വിദേശത്തേക്ക് പോയിട്ടുള്ളത്. ഇതിൽ നൂറോളം വിദ്യാർത്ഥികളുടെ അടുത്ത ഘട്ട സഹായമാണ് വൈകുന്നത്. പണം കിട്ടാതാവുന്നതോടെ കുട്ടികളുടെ താമസവും ഫീസുമുൾപ്പെടെ പ്രതിസന്ധിയിലാവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ച് പണം തരപ്പെടുത്തി അയയ്ക്കുക എളുപ്പമല്ല. വൈകാതെ കുട്ടികളുടെ അടുത്ത ഗഡു ലഭ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.

വായ്പപയുടെ കാര്യത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ വിമുഖത കാണിക്കുന്നുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ.കേളു കേരളകൗമുദിയോട് പറഞ്ഞു. പട്ടിക ജാതി കുട്ടികൾക്ക് പദ്ധതിപ്രകാരമാണ് സഹായം നൽകുന്നത്. അതിനാൽ കോർപ്പറേഷനിൽ വായ്പയ്ക്ക് പോകേണ്ട കാര്യമില്ല. കേരള സർക്കാർ ലംസം ഗ്രാന്റ്, സ്റ്റൈപ്പന്റ് തുടങ്ങി എട്ട് ലക്ഷം കുട്ടികൾക്ക് ഗ്രാന്റ് നൽകുന്നുണ്ട്.

പല കേസുകളിലും മാനുഷിക പ്രശ്നം കണക്കിലെടുത്ത് വിളിച്ചുപറയുന്നതുകൊണ്ടാണ് ബാങ്കുകൾ വായ്പ നൽകുന്നത്. വായ്പ കൊടുക്കണമെന്ന് നിയമമുണ്ട്.വർഷങ്ങളായിട്ടും പലരും തിരിച്ചടയ്ക്കാത്തതുകൊണ്ടാണ് ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നത്. ഇതു സംബന്ധിച്ച് ധാരാളം പരാതികളുണ്ട്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ ബാങ്കുകളും വായ്പ നൽകണം. അത് ജനറൽ വിഭാഗത്തിലെ കുട്ടികൾക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.

''വിദ്യാഭ്യാസ വായ്പകൾക്ക് ജാമ്യം വേണ്ടെന്നാണ് നിയമം. അതുപ്രകാരം ബാങ്കുകൾ പ്രവർത്തിക്കുകയാണ് വേണ്ടത്.

പദ്ധതി ആരംഭിച്ച കാലത്ത് ബാങ്കുകൾ വ്യാപകമായ തോതിൽ വായ്പ കൊടുത്തിരുന്നു. ജോലി കിട്ടിക്കഴിഞ്ഞാൽ തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. പലർക്കും ജോലി കിട്ടി,നിരവധി പേർക്ക് ജോലി കിട്ടിയില്ല. എന്നാൽ, തരിച്ചടവ് കൃത്യമല്ല.

-മന്ത്രി ഒ.ആർ. കേളു