
വെള്ളറട: ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കീഴാറൂർ ഇടവാൽ ഇഴിവിക്കോട്ട് മുളമൂട് വിളാകം വീട്ടിൽ വലിയകാണിയെന്നുവിളിക്കുന്ന നിധീഷ് (24), വാഴിച്ചൽ കുന്തളക്കോട് റോഡരികത്ത് വീട്ടിൽ അനീഷ് (22) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി പൊലീസ് പട്രോളിംഗിനിടയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് പോയ എസ്.ഐ ഉൾപ്പെടെയുള്ള സംഘത്തിലെ പൊലീസുകാരായ ഗിരീഷ്,അഖിലേഷ് എന്നിവരെ മർദ്ദിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്ത കേസിലാണ് രണ്ടുപേരെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.