santhikavadam

തിരുവനന്തപുരം: വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെ തൈക്കാട് ശാന്തികവാടം മുഖം മിനുക്കുന്നു. നാൽപ്പതോളം കാറുകൾക്കും 20ലേറെ ബൈക്കുകൾക്കും പാർക്കിംഗ് സൗകര്യമൊരുക്കിക്കൊണ്ടുള്ളതാണ് പുതിയ മാറ്റങ്ങൾ. രണ്ടുമാസം മുൻപ് തുടങ്ങിയ പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ശാന്തികവാടത്തിന്റെ മുൻവശം ഇടിച്ചുനിരത്തി വാഹനങ്ങൾ അകത്ത് പാർക്ക് ചെയ്യാവുന്ന വിധത്തിലാണ് നിർമ്മാണപ്രവർത്തനം. തിരുവനന്തപുരം കോർപ്പറേഷന്റെ എൻജിനിയറിംഗ് വിഭാഗമാണ് ശാന്തികവാടത്തിന്റെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സ്ഥലപരിമിതിയും വാഹനപാർക്കിംഗില്ലാത്തതും സന്ദർശകരുടെ പ്രധാന പരാതികളായിരുന്നു. ശവസംസ്കാരത്തിനായി നഗരത്തിലെമ്പാടുമുള്ള ജനങ്ങൾ ശാന്തികവാടത്തെയാണ് ആശ്രയിക്കുന്നത്. ശവസംസ്കാരത്തിനെത്തുന്ന ബന്ധുമിത്രാദികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്തത് വലിയ പ്രതിസന്ധിയായി നിൽക്കുമ്പോഴാണ് നഗരസഭ പരിഹാരമാർഗവുമായെത്തുന്നത്. ശാന്തികവാടത്തിന്റെ നിലവിലെ മുഖഛായ തന്നെ മാറ്രുന്ന പരിഷ്കാരങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് പ്രൊജക്ട് എൻജിനിയർ എസ്.സുജിത് പറഞ്ഞു. പുനഃരുദ്ധാരണ ജോലികൾ പൂർത്തിയാകുന്നതോടെ നിലവിലെ പാർക്കിംഗ് ബുദ്ധിമുട്ടുകൾക്ക് ഒരുപരിധിവരെ പരഹാരമാകും.

ഒന്നിനു പിന്നാലെ മറ്റൊന്ന്

നിലവിൽ ശാന്തികവാടത്തിന്റെ ഇടതുവശം ചേർന്നുള്ള ചെറിയ പ്രവേശന കവാടത്തിലൂടെയാണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അകത്തേക്ക് കയറുന്നത്. മണിക്കൂറുകളിടവിട്ട് ശവസംസ്കാരത്തിനായി ഇവിടേക്ക് നൂറ് കണക്കിനാളുകൾ എത്തുന്നതിനാൽ വാഹന പാർക്കിംഗ് ഒരു കീറാമുട്ടിയായി ഇപ്പോഴും തുടരുകയാണ്. ഒരു ബാച്ച് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങും വരെ അടുത്ത ബാച്ചിന് റോഡുകളിൽ വാഹനങ്ങൾ കൊണ്ടിട്ട് കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളത്. രണ്ടോ മൂന്നോ ആംബുലൻസുകൾ അകത്തേക്ക് കയറുന്നതോടെ സ്ഥലപരിമിതിയിൽ ആളുകൾ ഞെങ്ങിഞെരുങ്ങുന്ന അവസ്ഥയും. ഇതിന് പരിഹാരമായാണ് നഗരസഭ ശാന്തികവാടം പുതുക്കിപ്പണിയാൻ നിശ്ചയിച്ചത്. മുൻ വശത്തെ റോഡിന് സമാന്തരമായി ശാന്തികവാടത്തിന്റെ ഉയർന്ന പ്രദേശം ഇടിച്ചു നിരത്തി തട്ടുതട്ടാക്കി കാറുകൾ അകത്ത് പാർക്ക് ചെയ്യുന്ന സംവിധാനമാണ് വരുന്നത്.

പദ്ധതി ചെലവ്- 64 ലക്ഷം രൂപ