തിരുവനന്തപുരം: ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ ശരിയായ അവബോധം നൽകുന്ന ലക്ഷ്യത്തോടെ കേരളകൗമുദി സംഘടിപ്പിക്കുന്ന ഹെൽത്ത് എക്‌സ്‌പോ ഇന്ന് തുടങ്ങും. വൈകിട്ട് 4ന് അയ്യങ്കാളി ഹാളിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ പ്രമുഖ ആരോഗ്യസ്ഥാപനങ്ങൾ അണിനിരക്കുന്ന എക്സ്പോ അതിവേഗം രോഗനിർണയം നടത്താനും രോഗപ്രതിരോധത്തിനുമുള്ള വഴികാട്ടിയാകും. ഇതിനായി സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 3 മുതൽ പ്രവേശനം. ഉദ്ഘാടനച്ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയ്ക്ക് കേരള കൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ ഉപഹാരം നൽകും. അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ്,​ ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, ജനറൽ മാനേജർ ഷിറാസ് ജലാൽ,​ ചീഫ് മാനേജർ എസ്. വിമൽകുമാർ എന്നിവർ പങ്കെടുക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതവും ജനറൽ മാനേജർ അയ്യപ്പദാസ് നന്ദിയും പറയും.

എക്‌സ്പോയുടെ ഭാഗമായി നാളെ രാവിലെ 10.30ന് നടക്കുന്ന മെഡിക്കൽ സെമിനാർ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളും ഭാവിയിലേക്കുള്ള സമഗ്രമായ ആശയങ്ങളും സെമിനാറിൽ ചർച്ച ചെയ്യും. പരിപാടിയിൽ മേയർ ആര്യാരാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യരംഗത്തെ പ്രമുഖ വ്യക്തികളെ മന്ത്രി ആദരിക്കും.

കേരളകൗമുദി ഡയറക്ടർ ശൈലജ രവി ചടങ്ങിൽ പങ്കെടുക്കും.

ബിസിനസ് തിരക്കുകൾക്കിടയിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പ്രമുഖ വ്യവസായിയും രാജധാനി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബിജു രമേശ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസർ ഖാൻ എന്നിവർ

മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ സ്വാഗതവും ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറയും. ന്യൂരാജസ്ഥാൻ മാർബിൾസ്,​ രാജധാനി ഗ്രൂപ്പ്,നിംസ്,​എസ്.കെ.ഹോസ്‌പിറ്റൽ,​അനന്തപുരി ഹോസ്‌പിറ്റൽ,​കിംസ് ഹെൽത്ത്,​യാന ഹോസ്‌പിറ്റൽ,​പ്രിസൈസ് ഐ കെയർ,​എസ്.യു.ടി പട്ടം,​എസ്.പി മെഡി ഫോർട്ട്,​360 സ്‌പൈൻ ആൻഡ് ജോയിന്റ് വെൽനസ് സെന്റർ,​ഡോ.വിവേക്സ് അഗസ്ത്യനാഡി പാരമ്പര്യ വൈദ്യശാല,​ ഹിയർസാപ് എന്നിവയുടെ സഹകരണത്തോടെയാണ് എക്‌സ്‌പോയും സെമിനാറും സംഘടിപ്പിച്ചിരിക്കുന്നത്.

വഴികാട്ടാൻ പത്തു സ്റ്റാളുകൾ

വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, ചികിത്സ, മാരക രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള വഴികൾ, ചുരുങ്ങിയ ചെലവിൽ ചികിത്സ എന്നിങ്ങനെ ആരോഗ്യ സംരക്ഷണത്തിനായി അറിയേണ്ടതെല്ലാം കേരളകൗമുദി ഹെൽത്ത് എക്‌സ്‌പോയിലൂടെ അറിയാം. പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെ 10 സ്റ്റാളുകൾ ഇതിനായി അണിനിരക്കും. സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങളുടെ നൂതന ചികിത്സാരീതികളെ കുറിച്ചും ഒരുകുടക്കീഴിൽ അറിയാം.

 മന്ത്രിക്കും

മേയർക്കും ആദരം

രാജ്യത്തിന് മുന്നിൽ കേരളത്തിന് അഭിമാനമായ നേട്ടങ്ങൾ സ്വന്തമാക്കിയ മന്ത്രി വീണാജോർജിനെയും മേയർ ആര്യാരാജേന്ദ്രനെയും കേരളകൗമുദി ആദരിക്കുന്നു. നാളെ രാവിലെ 10.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന മെഡിക്കൽ സെമിനാറിന്റെ വേദിയിൽ വച്ച് ഇരുവർക്കും കേരളകൗമുദി ഡയറക്ടർ ശൈലജ രവി ഉപഹാരം നൽകും. ദേശീയ ഭക്ഷ്യസുരക്ഷ സൂചികയിൽ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനം ലഭിച്ചതും മികച്ച ആരോഗ്യസേവനങ്ങൾ ഒരുക്കൽ, പൊതുജനാരോഗ്യ സൂചികകളെ മുന്നോട്ട് നയിക്കൽ, ദേശീയ അന്തർ ദേശീയ തലത്തിൽ 27 പുരസ്‌കാരങ്ങളും, ബഹുമതികളും നേടിയെടുക്കാനായതും, വയനാട് ദുരന്തമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രി വീണാജോർജിനെ ആദരിക്കുന്നത്. സുസ്ഥിര വികസനത്തിനുള്ള യു.എൻ ഷാഗ് ഹായ്

ഗ്ലോബൽ അവാർഡിന്റെ തിളക്കത്തിലാണ് മേയർ ആര്യാ രാജേന്ദ്രൻ. ആര്യ രാജേന്ദ്രന്റെ കഴിഞ്ഞ നാലു വർഷത്തെ നേതൃത്വം നഗരത്തിന്റെ വികസന അദ്ധ്യായത്തിൽ നിർണായക ഏടായി മാറി.