കുളത്തൂർ: സി.പി.എം കഴക്കൂട്ടം ഏരിയ സമ്മേളനത്തിന് നാളെ തുടക്കമാകും. രാവിലെ 9ന് ശ്രീകാര്യം അനിൽ നഗറിൽ (ടെക്നോപാർക്ക് അൽസാജ് അമരാന്ത ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക,കൊടിമര,ദീപശിഖാ ജാഥകൾ ഇന്ന് സമ്മേളന നഗറിലെത്തിച്ചേരും. സ്റ്റാൻലി ഡിക്രൂസ് ക്യാപ്ടനായ പതാകജാഥ കാട്ടായിക്കോണം വി.ശ്രീധർ സ്‌മൃതി മണ്ഡപത്തിൽ ഇന്ന് വൈകിട്ട് 4ന് ഏരിയാ സെക്രട്ടറി ഡി.രമേശൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.ബിജു ക്യാപ്ടനായ കൊടിമരജാഥ തോപ്പിൽ ധർമ്മരാജൻ സ്‌മാരകത്തിൽ നിന്ന് വൈകിട്ട് 4ന് ആർ.രാജേഷും മേടയിൽ വിക്രമൻ ക്യാപ്ടനായ ദീപശിഖ ജാഥ രക്തസാക്ഷി ഹരിദാസൻ സ്‌മൃതി മണ്ഡപത്തിൽ വൈകിട്ട് നാലിന് ജില്ലാ കമ്മിറ്റിയംഗം വി.ജയപ്രകാശും ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും സംഘാടക സമിതി ചെയർമാൻ വി. സാംബശിവന്റെയും നേതൃത്വത്തിൽ ദീപശിഖയും കൊടിമരവും പതാകയും ഏറ്റുവാങ്ങും. വ്യാഴാഴ്ച വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.