ias

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ കേട്ടുകേൾവി ഇല്ലാത്തവിധമുള്ള വിവാദങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ മതം തിരിച്ചുള്ള വാട്സ് ആപ്പ് കൂട്ടായ്മയും സീനിയർ ഉദ്യോഗസ്ഥനെതിരെ ജൂനിയർ ഉദ്യോഗസ്ഥൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയുടെ ആരോപണം ഉന്നയിച്ചതും അത്യന്തം ഗൗരവതരമാണ്. ഇവ രണ്ടും സിവിൽ സർവീസിന് അപമാനകരമാണ് .
ആൾ ഇന്ത്യ സർവീസ് റൂളിൽ നിഷ്‌കർഷിച്ചിട്ടുള്ള പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ് ഇവ രണ്ടും. ഇവ രണ്ടും പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമാണ്.

സോഷ്യൽ മീഡിയയിലൂടെ ആർക്കും ആരെക്കുറിച്ചും എന്തുവേണമെങ്കിലും പറയാമെന്ന നില ഇപ്പോൾ വന്നിട്ടുണ്ട്. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ടെങ്കിൽ അത് പറയാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയല്ല ചെയ്യണ്ടത്.
ചീഫ് സെക്രട്ടറി വിശദീകരണം ചോദിക്കുമെന്നാണ് കരുതുന്നത്. വിശദീകരണം തേടുന്നതിന് മുൻപ് ചീഫ് സെക്രട്ടറി ,മുഖ്യമന്ത്രിയുമായി സംസാരിച്ചേക്കും. വിശദീകരണം പരിശോധിച്ചശേഷം കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ അതും വ്യക്തത വരുത്തും. വിശദീകരണത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നാണ് ചീഫ് സെക്രട്ടറി പരിശോധിക്കുക. അതിന് ശേഷമാകും നടപടി വേണോ, വേണ്ടയോ എന്നു സർക്കാർ തീരുമാനിക്കുന്നത്.
സർക്കാർ ഏതെങ്കിലും ഭാഗം ചേർന്ന് തീരുമാനമെടുക്കാനിടയില്ല. കാരണം, ഇതിൽ സർക്കാരിനെ ബാധിക്കുന്ന പ്രശ്നങ്ങളില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഉദ്യോഗസ്ഥൻ നടത്തിയത് പെരുമാറ്റ ലംഘനമാണെന്നത് തള്ളിക്കളയാനുമാകില്ല. ആരോപണവിധേയനും തന്റെ ഭാഗം ന്യായീകരിക്കാനുള്ള അവസരം ലഭിക്കണമെന്നതും ന്യായവുമാണ്. എന്നാൽ സോഷ്യൽ മീഡിയ പ്രചരണം ഗുരുതരമായതോ ഹീനമായതോ ആയ കുറ്റകൃത്യമല്ലെങ്കിലും അച്ചടക്ക ലംഘനമെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണുതാനും. സസ്‌പെൻഷൻ പോലുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. താക്കീതിൽ ഒതുങ്ങാനാണ് സാദ്ധ്യത. എന്നാൽ മതാടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് നിർമ്മിക്കൽ ചെറിയ കുറ്റമല്ല .
ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മേൽ സംസ്ഥാന സർക്കാരിന് കൈക്കൊള്ളാൻ കഴിയുന്ന ശിക്ഷാനടപടികൾ , കേന്ദ്ര സർക്കാരിന് എടുക്കാൻ കഴിയുന്ന നടപടികൾ, കേന്ദ്ര സർക്കാരിനോട് ചോദിച്ചശേഷം മാത്രമെടുക്കാൻ കഴിയുന്ന നടപടികൾ എന്നിവ ആൾ ഇന്ത്യ സർവീസ് റൂളിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.