1

കഴക്കൂട്ടം: ടെക്നോസിറ്റിയിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ മെസിൽ നിന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം വിതരണം ചെയ്‌ത അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി.

ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഗവേഷകരുമടക്കം മുന്നൂറോളം പേർ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ഇതേ തുടർന്ന് സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് വിദ്യാർത്ഥികൾ മംഗലപുരം പൊലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും മന്ത്രി ബിന്ദു,മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻതന്നെ മെസ് താത്കാലികമായി അടച്ചു.

ഇന്ന് രാവിലെ 10ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മെസ് മാനേജർക്കെതിരെ നടപടിയുണ്ടാകുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയിലെയും ഇന്ന് രാവിലത്തെയും ഭക്ഷണത്തിന് പകരം സംവിധാനമൊരുക്കിയതായി അധികൃതർ വ്യക്തമാക്കി.

ഒരുമാസം 5520 ഫീസ് കൊടുത്താണ് ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നത്. മുമ്പും ചോറിൽ നിന്ന് പുഴു,​പാറ്റ,​വണ്ട് എന്നിവയെ കിട്ടിയിട്ടുണ്ടെന്നും പരാതിപ്പെട്ടപ്പോൾ കഴിക്കാൻ പറ്റില്ലെങ്കിൽ ഹോസ്റ്റൽ മാറിപ്പോകാനാണ് അധികൃതർ പറഞ്ഞത‌െന്നും വിദ്യാർത്ഥികൾ ആരോപിച്ചു.