കഴക്കൂട്ടം: മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ വീഡിയോ പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുക്കുറിച്ചി സ്വദേശിയായ നിഷാന്തിനെയാണ് (31) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. വീടിന്റെ മതിൽ ചാടിക്കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴി പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.ഇയാൾക്കെതിരെ സ്ത്രീകൾക്ക് മേലുള്ള അതിക്രമത്തിന് പുറമേ ഐ.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പൊലീസ് പറഞ്ഞു.