കാട്ടാക്കട: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും മൂന്നുപവന്റെ മാല മോഷ്ടിക്കുകയും ചെയ്‌തു. കള്ളിക്കാട് തേവൻകോട് സ്വദേശി സേതുകുമാരിയുടെ (70) മാലയാണ് മോഷ്ടിച്ചത്.

പിടിവലിക്കിടെ ഇവരെ അക്രമി മുഖത്ത് കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. ബഹളംകേട്ട വളർത്തുനായ കയർ പൊട്ടിച്ചെത്തിയതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. നെയ്യാർഡാം പൊലിസെത്തി സേതുകുമാരിയുടെ മൊഴിയെടുത്ത ശേഷം കേസെടുത്തു. ഫിംഗർ പ്രിന്റ്,ഡോഗ് സ്ക്വാഡ് സംഘങ്ങൾ സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.