തിരുവനന്തപുരം: വ്യാജ ഓഹരിക്കച്ചവട ആപ്പുകളിലൂടെ 6 കോടി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പേരെ കൂടി കോടതി റിമാൻഡ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ആഷിക് അലി (സോനു), സൽമാനുൽ ഫാരിസ് (സൽമാൻ), കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പട്ടം സ്വദേശിയായ 63കാരനിൽ നിന്നാണ് ഒരു മാസത്തിനിടെ പണം തട്ടിയെടുത്തത്. രണ്ട് വർഷമായി ഓഹരിക്കച്ചവടം നടത്തുന്ന 63കാരനെ സമൂഹമാദ്ധ്യമത്തിലൂടെ പിന്തുടർന്ന് സെരോദ, ബജാജ് കോൺടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 20 ശതമാനം തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെ സംശയംതോന്നി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടൂർ സ്വദേശി രാഹുൽ എം.നായർ (25), കൊല്ലം നല്ലില സ്വദേശി അനു ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുപയോഗിച്ച വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ, എ.ടി.എം കാർഡുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചെക്ക് ബുക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു.