വിതുര: തൊളിക്കോട്,വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ, പേരയത്തുപാറ,ഞാനിക്കുന്ന് മേഖലകളിൽ വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. മുന്നറിയിപ്പില്ലാതെയും കാരണം കൂടാതെയും പകൽസമയങ്ങളിൽ അനവധിതവണ വൈദ്യുതിവിതരണം നിലയ്ക്കും. ഒരാഴ്ചയായി ഇതാണ് അവസ്ഥ.വൈദ്യുതിതടസം ചാരുപാറയിൽ പ്രവർത്തിക്കുന്ന വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന്റെ പ്രവർത്തനത്തേയും ബാധിക്കുന്നുണ്ട്.
മഴ എത്തിയതോടെയാണ് വൈദ്യുതിയും പണിമുടക്കുന്നത്. കാറ്റത്തും മഴയത്തും ലൈനുകളിലും മറ്റും മരച്ചില്ലകൾ ഉരസിയും ഒടിഞ്ഞുവീണും മറ്റുമാണ് വിതരണം തടസപ്പെടുന്നതെന്നാണ് വൈദ്യുതിവകുപ്പ് വ്യക്തമാക്കുന്നത്. വൈദ്യുതി തടസപ്പെട്ടാൽ മണിക്കൂറുകൾക്കകം പുനഃസ്ഥാപിക്കുമെങ്കിലും ഉപഭോക്താക്കൾ പ്രതിസന്ധിയിലാവുകയാണ്. അറ്റകുറ്റപണികളുടെ ഭാഗമായും വൈദ്യുതിവിതരണം തടസപ്പെടുന്നുണ്ട്.
കച്ചവടക്കാരും ബുദ്ധിമുട്ടിൽ
വൈദ്യുതിവകുപ്പ് ജീവനക്കാർ മഴയെയും ഇടിമിന്നലിനേയും അവഗണിച്ചാണ് വൈദ്യുതിവിതരണം പൂർവ്വസ്ഥിതിയിലാക്കുന്നത്. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ മറ്റ് ചില മേഖലകളിലും വൈദ്യുതിവിതരണം തടസപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പൊൻമുടി,ബോണക്കാട്,കല്ലാർ, മരുതാമല,ആനപ്പാറ,പേപ്പാറ മേഖലകളിലാണ് കൂടുതൽ വൈദ്യുതിപ്രശ്നം നേരിടുന്നത്. വൈദ്യുതിയെ ആശ്രയിച്ച് കച്ചവടം നടത്തുന്നവർ ബുദ്ധിമുട്ടിലാണ്.
വനമേഖലയായതിനാൽ മരങ്ങൾക്കിടയിലൂടെയാണ് വൈദ്യുതിലൈനുകൾ കടന്നുപോകുന്നത്. മരങ്ങൾ വീണുള്ള വൈദ്യുതി മുടക്കം കൂടാതെ കാട്ടാനകളും വൈദ്യുതി തൂണുകൾ മറിച്ചിടുന്നുണ്ട്.