varkala-beach

വർക്കല: കാലാവസ്ഥാ വ്യതിയാനവും കള്ളക്കടൽ പ്രതിഭാസവും കാരണം കടൽ കലിതുള്ളുമ്പോൾ വർക്കലയിൽ തീരത്ത് സഞ്ചാരികളെ നിയന്ത്രിക്കാൻ ആളില്ല. വെട്ടൂർ, ചിലക്കൂർ, ആലിഇറക്കം, ഏണിക്കൽ, പാപനാശം, തിരുവമ്പാടി, ഓടയം, മാന്തറ, ഇടവ, കാപ്പിൽ തുടങ്ങിയ ബീച്ചുകളാണ് വർക്കലയുടെ വിവിധ ഭാഗങ്ങളിലായുള്ളത്. ഈ ബീച്ചുകളിൽ സഞ്ചാരികൾ കടലിലിറങ്ങുന്നത് പതിവാണ്. ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീഴുന്നവരും നിരവധിയാണ്. ഭാഗ്യംകൊണ്ടുമാത്രമാണ് പലരും രക്ഷപ്പെടുന്നത്. എങ്ങാനും തിരയിൽപ്പെട്ടാൽ ജീവനോടെ തിരിച്ചുവരുമോയെന്നത് സംശയമാണ്. കാരണം ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങൾ ഈ തീരങ്ങളിൽ ലഭ്യമല്ല.

കടൽക്ഷോഭമുള്ളപ്പോഴും തിരയിലിറങ്ങുന്ന സഞ്ചാരികൾ കുറവല്ല. ഇത്തരക്കാരെ നിയന്ത്രിക്കാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് കൂടുതൽ പരിശോധന ശക്തമാക്കണമെന്നാണ് പൊതുവായ ആവശ്യം.

ലൈഫ് ഗാർഡുകളെ നിയമിക്കണം

2007 മുതൽ 2021 വരെ 2 സൂപ്പർവൈസർമാരും 24 ലൈഫ്ഗാർഡുകളും ജോലി ചെയ്തിരുന്ന പാപനാശം മെയിൻ ബീച്ചിൽ ഇന്നുള്ളത് 12 ലൈഫ്ഗാർഡുകളാണ്. ഒന്നിടവിട്ട ദിവസങ്ങളിലായി ഇവരുടെ സേവനം ക്രമപ്പെടുത്തുമ്പോൾ ഫലത്തിൽ ലഭ്യമാകുന്നത് അഞ്ചോ ആറോ പേരുടെ സേവനമാണ്.

ലൈഫ് ഗാർഡുകളുടെ സേവനം

രക്ഷാപ്രവർത്തനത്തിനുള്ള അടിസ്ഥാന ഉപകരണങ്ങൾ പോലുമില്ലാതെയാണ് ഗാർഡുകളുടെ നിലവിലെ സേവനം. ഇവരുപയോഗിക്കുന്ന റെസ്ക്യു ബോർഡ്, റെസ്ക്യു ട്യൂബ്, ലൈഫ് ബോയ്, ഡെയ്ഞ്ചർ ബോർഡ്, റോപ്പ്, മെഗാഫോൺ, റെഡ് ഫ്ലാഗ്, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയും കാലഹരണപ്പെട്ടു.

രക്ഷാപ്രവർത്തനം മൂന്ന് മിനിട്ടിനുള്ളിൽ

തിരയിൽ ഒരാൾ മുങ്ങിത്താണാൽ മൂന്ന് മിനിട്ടിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തി ചികിത്സ ലഭ്യമാക്കണം. അല്ലെങ്കിൽ മരണം ഉറപ്പെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ഏണിക്കൽ ബീച്ചിൽ ആംബുലൻസ് എത്തുന്നതിനുള്ള റോഡ് മാർഗ്ഗങ്ങൾ ഇല്ല. സ്‌ട്രെച്ചറിൽ ഒരു കിലോമീറ്ററിലധികം ചുമന്ന് ആലിയിറക്കം ബീച്ചിൽ എത്തിച്ചുവേണം ആശുപത്രിയിൽ എത്തിക്കാൻ. അപ്പോഴേക്കും മൂന്ന് മിന്നിട്ട് കഴിയും.