
പാലോട്: ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. തോടുകളിലും ആറുകളിലും മാലിന്യം നിറഞ്ഞതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയാണ്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി തുടരുന്നതിനാൽ ജലവിതരണം ഉടനെയൊന്നും ഉണ്ടാകില്ല.
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ കുടിവെള്ളത്തിനായി വലയുകയാണ്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. പലപ്പോഴും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
2009ൽ 60കോടി നിർമ്മാണച്ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്രകുടിവെള്ള പദ്ധതി 2024ആയിട്ടും എങ്ങുമെത്തിയിട്ടില്ല. രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം 2021ൽ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ഉണ്ടായിരുന്ന പൈപ്പുകളും നശിച്ച നിലയിലാണ്.
മാലിന്യവാഹിയായി നദികൾ
പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ അടിഞ്ഞുകൂടി വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങളും മലിനമായി. കുടിവെള്ള പദ്ധതി പ്രദേശങ്ങളായ പാലോട്,ചെറ്റച്ചൽ,താവയ്ക്കൽ,കുണ്ടാളംകുഴി എന്നിവിടങ്ങളിലേക്ക് ജലമെത്തിക്കുന്നത് വാമനപുരം നദിയിൽ നിന്നാണ്. വെള്ളത്തിൽ ബ്ലീച്ചിംഗ് പൗഡറിട്ടാണ് നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് മാസങ്ങളായി. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിന് സമീപത്തെ കുടിവെള്ള ടാങ്കിലെത്തിച്ച് അവിടെനിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്ക് എത്തുന്നത്.
കുടിവെള്ളമില്ലാത്ത ഇടങ്ങൾ
നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ,ഓട്ടുപാലം,പച്ച കാലൻകാവ്,നാഗര,വാഴപ്പാറ,വട്ടപ്പൻകാട്, കള്ളിപ്പാറ, ആനകുളം,നളന്ദ,പാലുവള്ളി,വെമ്പ്,കുറുപുഴ,ഒൻപത് ഏക്കർ കോളനി,വട്ടപ്പൻകാട്,താന്നിമൂട്, ആശാരിവിളാകം,പനച്ചക്കുന്ന്,വാഴപ്പാറ,ദൈവപ്പുര,കട്ടക്കാൽ, പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം.പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളംകുഴി,മാന്തുരുത്തി,പാറക്കോണം, ഞാറനീലി,ഇലഞ്ചിയം,ഇടിഞ്ഞാർ,ബ്രൈമൂർ,കരിമൺകോട്, വട്ടക്കരിക്കകം.
ആശ്രയം പൈപ്പ് വെള്ളം
മിക്കസ്ഥലങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളിലൂടെയുള്ള കുടിവെള്ളമാണ് ഏക ആശ്രയം. പാറയുള്ള പ്രദേശമായതിനാൽ കിണർ വെള്ളവും ലഭിക്കില്ല. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കിലോമീറ്ററുകളോളം കാൽനടയായാണ് കുടിവെള്ളം ശേഖരിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ളം ലഭ്യമാക്കാൻ നടപടിയെടുക്കണം.
വാട്ടർ അതോറിട്ടിയുടെ അനാസ്ഥ
റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴായിട്ടും ഉദ്യോഗസ്ഥർ അറിഞ്ഞമട്ടില്ല. പമ്പ് ഹൗസ് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. എന്നിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.