തിരുവനന്തപുരം: സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി സ്മാർട്ടാവാൻ ബഡ്ജറ്റിൽ അനുവദിച്ച കോടികൾ റവന്യു വകുപ്പ് തിരിച്ചടച്ച് തലയൂരി. ഡിജിറ്റൽ റീസർവേ ഉൾപ്പെടെ ഫലപ്രദമാക്കാനായി 2022-23 സാമ്പത്തികവർഷം അനുവദിച്ച 23 കോടിയിൽ 20.14 കോടിയും ചെലവഴിക്കാതെ തിരിച്ചുനൽകി.

ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യുകയും ഡിജിറ്റൽ റീസർവെ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് കമ്പ്യൂട്ടറൈസേഷനുവേണ്ടി കിട്ടിയപണം ചെലവാക്കാതെ തിരിച്ചടച്ചത്. പഴഞ്ചൻ സംവിധാനങ്ങളുമായി മുടന്തുന്നതിനാണ് ഒരു വിഭാഗം മേലധികാരികൾക്ക് താത്പര്യം എന്നാണ് ആക്ഷേപം. അനുവദിച്ച പണം ചെലവാക്കിയില്ലെങ്കിൽ സാമ്പത്തികവർഷത്തിന്റെ അവസാനം ബാക്കി തുക തിരിച്ചടയ്ക്കണം എന്നാണ് വ്യവസ്ഥ.

ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട ഓൺലൈൻ സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക, കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക എന്നിവയ്ക്കാണ് ബഡ്ജറ്റിൽ ഇത്ര വലിയ തുക വകയിരുത്തിയത്. ഇതിൽ 2.86 കോടി മാത്രമാണ് ഉപയോഗിച്ചത്.

പല വില്ലേജ് ഓഫീസുകളിലും കരം അടച്ചാൽ രസീതിന്റെ പ്രിന്റ് എടുക്കാനാവില്ല. നല്ലൊരു ശതമാനം വില്ലേജ്, താലൂക്ക് ഓഫീസുകളിലും കമ്പ്യൂട്ടറുകളും പ്രിന്ററുകളും പ്രവർത്തനരഹിതമാണ്. ചില ഉപകരണങ്ങൾ കാലഹരണപ്പെട്ടവയുമാണ്. അറ്റകുറ്റപ്പണിക്ക് എ.എം.സി (ആന്വൽ മെയിന്റനൻസ് കോൺട്രാക്ട്) പണമില്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിഷമിക്കുമ്പോഴാണ് കിട്ടിയ പണം പാഴാക്കിയത്.

ചുമതല ഐ.ടി സെല്ലിന്

കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ചുമതല ലാൻഡ് റവന്യു കമ്മിഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന ഐ.ടി സെല്ലിനാണ്. ഓരോ ജില്ലയിലേക്കും ആവശ്യമുള്ള ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി വകുപ്പുതല പർച്ചേസ് കമ്മിറ്റി വിളിച്ചുചേർത്ത് ഇ ടെൻഡർ വഴി ഉപകരണങ്ങൾ വാങ്ങുകയാണ് ചെയ്യേണ്ടത്. അതുണ്ടായില്ല. 2023 ആഗസ്റ്റ് 23 ന് തുക അനുവദിച്ചെങ്കിലും എട്ടു മാസങ്ങൾ കൊണ്ട് വിനിയോഗിച്ചത് 2.86 കോടി. ഭൂരേഖകളുടെ ഡിജിറ്റൈസേഷന് വകയിരുത്തിയത് രണ്ടു കോടി, ഒറ്റ പൈസ ചെലവിട്ടില്ല. സോഫ്റ്റ് വെയർ ഡെവലപ്മെന്റ് -1.8 കോടി (ചെലവിട്ടത് 49.14 ലക്ഷം). അടിസ്ഥാന സൗകര്യം, അറ്റകുറ്റപ്പണി- 17.05 കോടി (2.36 കോടി) എന്നിങ്ങനെയാണ് വിനിയോഗിച്ചത്.

റീസർവേയെ ബാധിക്കും

1666 വില്ലേജുകളിൽ നടത്തേണ്ട ഡിജിറ്റൽ റീസർവേക്ക് ഏറ്റവും ആധുനിക ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്. ഉപയോഗത്തിലുള്ള നല്ലൊരു പങ്ക് പ്രിന്ററുകളും സ്കാനറുകളും കാലപ്പഴക്കമുള്ളവ. യഥാസമയം അറ്റകുറ്റപ്പണികളുമില്ല.

23 കോടി

അനുവദിച്ചത്

2.86 കോടി

ചെലവിട്ടത്