വിഴിഞ്ഞം: ട്രാഫിക് സിഗ്നലുകളും വഴിവിളക്കുകളുമില്ലാത്ത കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. സിഗ്നലുകളില്ലാത്തതിനാൽ അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.

സിഗ്നൽ ലൈറ്റുകളും വഴിവിളക്കുകളുമില്ലെങ്കിലും ട്രോൾ പിരിവിന് മുടക്കമൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു.

ടോൾബൂത്ത് വരുമ്പോൾ 24 മണിക്കൂറും രണ്ട് ആംബുലൻസുകൾ,അപകടം പറ്റിയാൽ അടിയന്തര സേവനത്തിന് ടോൾഫ്രീ നമ്പർ,അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മാറ്റാൻ രണ്ട് ക്രെയിനുകൾ,വിശ്രമത്തിന് പാർക്കിംഗ് ഏരിയകൾ കേന്ദ്രീകരിച്ച് സ്‌നാക്‌സ് ബാറുകൾ എന്നിവയെല്ലാം ഉണ്ടാകുമെന്ന് അധികൃതർ ആദ്യം പറഞ്ഞിരുന്നു. ഇവയുടെ ചെലവ് മുഴുവൻ ഹൈവേ അതോറിട്ടി വഹിക്കുമെന്നും ടോൾ വരുമാനം ഉപയോഗിച്ചാകും പ്രവർത്തനമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് മുൻപ് ടോൾ ബൂത്ത് സ്ഥാപിച്ചത് പ്രതിഷേധങ്ങൾക്ക് കാരണമായി.ഇപ്പോൾ ഇവിടെ ആംബുലൻസ് ഒന്നേയുള്ളൂ.


സർവീസ് റോഡുകളില്ല
കോവളം പോറോഡ് പാലത്തിനോടു ചേർന്ന് സർവീസ് റോഡില്ലാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. പാലം നിർമ്മിച്ചപ്പോൾത്തന്നെ സർവീസ് റോഡിന്റെ കാര്യം നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞതല്ലാതെ ഒന്നുമുണ്ടായില്ല. കോവളത്തു നിന്നുള്ള സർവീസ് റോഡും കല്ലുവെട്ടാൻകുഴിയിൽ നിന്നുള്ള റോഡും അവസാനിക്കുന്നത് പോറോഡിലാണ്.ഇതിനിടയ്‌ക്കാണ് പാലം. സർവീസ് റോഡിനായി നാട്ടുകാർ സ്ഥലം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ ഭാഗത്തുള്ളവർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഏകദേശം 200 മീറ്ററോളം നീളമുള്ളതാണ് പാലം. ഇനി സർവീസ് റോഡ് പണിയണമെങ്കിൽ ഇത്രയും നീളത്തിലും 20 മീറ്ററോളം ഉയരത്തിൽ പാലത്തിന് ഇരുവശത്തും സമാന്തരമായി രണ്ട് പാലങ്ങൾ നിർമ്മിക്കണം.


സുരക്ഷയ്‌ക്ക് പൊലീസ്
അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ബൈപ്പാസിലൂടെയുള്ള നടത്തം ഒഴിവാക്കണമെന്ന് വിഴിഞ്ഞം പൊലീസ് അഭ്യർത്ഥിക്കുന്നു. ബൈപ്പാസിലെ ഓടകൾ സ്ലാബിട്ട് നികത്തി നടപ്പാതയാക്കാനും ലൈറ്റ്, ക്യാമറ, സിഗ്നൽ എന്നിവ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും നാഷണൽ ഹൈവേ അതോറിട്ടിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊലീസ് കത്ത് നൽകിയിട്ട് മാസങ്ങളായി.


ആവശ്യങ്ങൾ
കോവളം ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമ്മിക്കണം
സിഗ്നൽ സ്ഥാപിക്കണം
പോറോഡ് ഭാഗത്ത് പാലത്തിനു സമീപം സർവീസ് റോഡുകൾ ബന്ധിപ്പിക്കണം
അപകടം വർദ്ധിക്കുന്ന തിരുവല്ലത്ത് പുതിയ പാലം

ആദ്യഘട്ടത്തിന് ചെലവ് - 669 കോടി

രണ്ടാംഘട്ടം - 495 കോടി

ബൈപ്പാസിന്റെ നീളം 43 കി.മീ

കോൺക്രീറ്റ് പാത വരുന്നത് - 16.2 കിലോമീറ്റർ