book-review

ശ്രീബുദ്ധൻ, ശ്രീശങ്കരൻ, ശ്രീനാരായണഗുരു എന്നീ മൂന്ന് മഹദ് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അവലോകനവും അവർ മുന്നോട്ടുവച്ച ആശയങ്ങളുടെ അവതരണവുമാണ് ഡോ. ഷാജി പ്രഭാകരന്റെ 'ഹിന്ദു- ബുദ്ധമതം, ശ്രീനാരായണഗുരു" എന്ന ഏറ്റവും ഒടുവിലത്തെ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അദ്ധ്യായങ്ങളായി വിഭജിക്കാതെ തുടർച്ചയായി വായിച്ചുപോകാവുന്ന 37 തലക്കെട്ടുകളുള്ള ഖണ്ഡികകളായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകം പലതുകൊണ്ടും വേറിട്ടു നിൽക്കുന്നു. 136 പേജുള്ള പുസ്തകത്തിന്റെ മൂന്നിൽരണ്ടു ഭാഗവും ബുദ്ധമതത്തിന്റെ ഉത്ഭവ പരിണാമ- പരിസമാപ്തികളുടെ വിവരണത്തിനായി മാറ്റിവച്ചിരിക്കുന്നു. അതോടൊപ്പം തന്നെ ഹിന്ദുമതത്തിന്റെ വൈദിക- ബ്രാഹ്മണിക- അദ്വൈത കാലഘട്ടങ്ങളിൽ നടമാടിയ അനീതികളുടെ ഘോഷയാത്രയെപ്പറ്റിയുള്ള തീവ്രവിമർശനവും ഇതിൽ വായിക്കാം.

ക്രിസ്തുവിനും ആറോ അഞ്ചോ നൂറ്റാണ്ടുകൾ മുമ്പാണ് ശ്രീബുദ്ധന്റെ കാലഘട്ടം. തുടർന്ന് അശോകന്റെ കാലഘട്ടത്തോടെയാണ് ബുദ്ധമതം ഇന്ത്യയിൽ വളർന്നു പന്തലിക്കാൻ തുടങ്ങിയത്. എ.ഡി 1300 ആയപ്പോഴേക്കും ഇന്ത്യയുടെ മൂന്നിൽ രണ്ടുഭാഗത്തും ബുദ്ധമതം വ്യാപിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. പിന്നെ എങ്ങനെ ഈ മഹോന്നത മതം ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായി? ഇക്കാര്യത്തിൽ ഗ്രന്ഥകർത്താവിന് വ്യക്തമായൊരു ധാരണയില്ലാത്തതുകൊണ്ടോ,​ അല്ലെങ്കിൽ കഠിനമായ ഹിന്ദുമത വിരോധം കൊണ്ടോ ആവാം വിദേശാക്രമണത്തെ അപ്പടി വിശ്വസിക്കാൻ തയ്യാറാകുന്നില്ല!

എന്നാൽ ഡോ. അംബേദ്കറുടെ മകൾ സവിത 2022-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'ഹിംസയിൽ മനംമാറ്റം വന്ന അശോകചക്രവർത്തി കലിംഗ യുദ്ധത്തിനുശേഷം തന്റെ ഒന്നര ലക്ഷംവരുന്ന ഭടന്മാരെ പിരിച്ചുവിടുകയും മേലിൽ യുദ്ധം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടർന്നുവന്ന ചക്രവർത്തിമാരും നാട്ടുരാജാക്കന്മാരും സൈന്യ രൂപീകരണത്തിൽ അലംഭാവം കാട്ടി. ഇങ്ങനെ സൈന്യരഹിതമായിത്തീർന്ന രാജ്യത്തേക്കാണ് അലാവുദ്ദീൻ ഖിൽജി പടയോട്ടം നടത്തി നളന്ദ- തക്ഷശില സർവകലാശാലകളിൽ സൂക്ഷിച്ചിരുന്ന സകല താളിയോലഗ്രന്ഥങ്ങളും ചുട്ടെരിച്ചത്! തല മുണ്ഡനം ചെയ്ത ബുദ്ധഭിക്ഷുക്കളെ കൂട്ടക്കൊല ചെയ്തു. കുറച്ചുപേർ ഹിമാലയം കടന്ന് ടിബറ്റിലേക്കും ചൈനയിലേക്കും ഓടിപ്പോയി..."

ശ്രീശങ്കരനെപ്പറ്റിയുള്ള ഈ ഗ്രന്ഥത്തിലെ വിവരണം മുഴുവൻ പക്ഷപാതപരമാണെന്ന് പറയുന്നതിൽ തെറ്റില്ല. ബുദ്ധമതം ഇന്ത്യയിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടത് ശങ്കരന്റെ കുതന്ത്രങ്ങൾ കൊണ്ടാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ഗ്രന്ഥത്തിലുടനീളം കാണാം. പക്ഷേ, ഈ പുസ്തകത്തിലെ ശ്രദ്ധേയമായ ഭാഗം ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ളതാണ്. 'വിദ്യയിലൂടെ മർദ്ദിത ജനവിഭാഗത്തെ സ്വതന്ത്രരാക്കുക എന്നത് ശ്രീനാരായണൻ നയിച്ച സാംസ്കാരിക വിപ്ളവത്തിന്റെ ഏറ്റവും ചൈതന്യവത്തായ ഘടകമായിരുന്നു" എന്ന് ഗ്രന്ഥകർത്താവ് സ്ഥാപിക്കുന്നുണ്ട്.

ഗുരുവിന്റെ ഉപദേശങ്ങൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ട്, അവയെ പ്രയോഗത്തിൽ വരുത്താൻ അറുപത് നീണ്ട വർഷങ്ങൾ പ്രയത്‌നിച്ച സി.വി. കുഞ്ഞുരാമന്റെ ദീർഘ ജീവിതത്തിന്റെ ഒരുൾക്കാഴ്ചയും ഗ്രന്ഥത്തിൽ നിന്ന് നമുക്ക് ലഭിക്കും. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്കു നയിച്ച പ്രക്ഷോഭങ്ങളുടെ ഊർജ്ജസ്രോതസ് സി.വി. കുഞ്ഞുരാമനായിരുന്നുവെന്ന സത്യം ഈ പുസ്തകത്തിൽ സുദീർഘമായി വിവരിക്കുന്നുണ്ട്.

ശ്രീനാരായണൻ സൃഷ്ടിച്ച സാമൂഹ്യ വിപ്ളവത്തിന് ചലനാത്മകമായ മറ്റൊരു മുഖം സൃഷ്ടിച്ച സഹോദരൻ അയ്യപ്പനെക്കുറിച്ചും ഗ്രന്ഥത്തിൽ വായിക്കാം.

വേദവും വേദാന്തവും തെറ്റായ ചിന്താപദ്ധതികളാണെന്ന് വിശ്വസിക്കുകയും അവയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്ത ഈശ്വരചന്ദ്ര വിദ്യാസാഗർ, രവീന്ദ്രനാഥ ടാഗോർ, ശരച്ചന്ദ്ര ചാറ്റർജി, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിന്താപദ്ധതികളെപ്പറ്റിയും ഗ്രന്ഥത്തിൽ പരാമർശങ്ങളുണ്ട്. നവോത്ഥാന നായകരുടെ വർണ ചിത്രങ്ങൾ പുസ്തകത്തിന്റെ മൂല്യം വർദ്ധിക്കുന്നു. മുഴുവനായും ആർട്ട് പേപ്പറിലും, പ്രായമേറിയവർക്കു കൂടി അനായാസം വായിക്കാവുന്ന അക്ഷരവിന്യാസത്തിലും, വർണാഭമായ കട്ടികവറിലും മനോഹരമായി തയ്യാറാക്കിയ ഗ്രന്ഥം ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ.

പ്രസാധകർ:

ബൗദ്ധ പബ്ളിക്കേഷൻ,​

ഗുരുകുലം,​ ചെമ്പഴന്തി

വില: 230 രൂപ