dr-althaf

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി പടരുകയാണ്. 10 ദിവസത്തിനിടെ 162പേരാണ് രോഗബാധിതരായത്. ആറുപേർ മരിച്ചു. ഈ വർഷം ആകെ 126 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത്. ഒരാൾക്ക് ഒന്നിലധികം തവണ ഡെങ്കിവരുന്നത് അപകടകരമാകാൻ സാദ്ധ്യതയുണ്ട്. ഡെങ്കിപ്പനി രണ്ടാംവട്ടവും ബാധിച്ചാൽ (റിപ്പീറ്റ് ഡെങ്കി) ആരോഗ്യനില സങ്കീർണമാകാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ.എ.അൽത്താഫ് ചൂണ്ടിക്കാട്ടുന്നു.

ഒരിക്കൽ രോഗം ബാധിച്ചവരുടെ ശരീരത്തിൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന ആന്റിബോഡി സാന്നിദ്ധ്യമുണ്ടാകും. പരിശോധനകളിലൂടെ നേരത്തെ ഡെങ്കി വന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാനാകും.

ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗലക്ഷണങ്ങൾ കുറവായിരിക്കും.അഞ്ച് ശതമാനം പേർക്ക് തീവ്രമാകും. അതിനാൽ ഡെങ്കി ബാധിത(എൻഡെമിക്) പ്രദേശങ്ങളിലെ പലർക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാമെന്നാണ് ആഗോളതലത്തിലെ കണക്ക്. ഇവർക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാൽ ഗുരുതരമാകാം.

ഡെങ്കി വൈറസിന് നാല് വകഭേദങ്ങളുണ്ട്. ഇതിൽ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവൻ പ്രതിരോധ ശേഷിയുണ്ടാക്കും. എന്നാൽ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം മൂലം ഡെങ്കിപ്പനിയുണ്ടായാൽ രോഗം ഗുരുതരമാകും. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണ്.

പ്രമേഹം,രക്താതിമർദം, ഹൃദ്രോഗം,വൃക്ക രോഗം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ, പ്രായമായവർ,ഗർഭിണികൾ,കുഞ്ഞുങ്ങൾ,രോഗ പ്രതിരോധശേഷി കുറവുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് വളരുന്നത്. കൊതുക് വഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.ഈഡിസ് കൊതുകിന്റെ സഞ്ചാരദൂരം ചെറുതാണ്.അതിനാൽ വീടും സ്ഥാപനങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുന്നത് ഡെങ്കിപ്പനി തടയാൻ സഹായിക്കുമെന്നും ഡോ.അൽത്താഫ് പറഞ്ഞു.


അതിജീവനം കരുതലോടെ

ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കണം.

ക്ഷീണം മാറാനും നിർജലീകരണം ഒഴിവാക്കാനും ഇത് സഹായിക്കും.

തിളപ്പിച്ചാറ്റിയ കഞ്ഞിവെള്ളം ഏറ്റവും നല്ലത്. വിശ്രമം പ്രധാനം.

മൂന്ന് ദിവസത്തിലധികം നിൽക്കുന്ന പനിയോ അപായസൂചനകളോ കണ്ടാൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വൈകരുത്.


അപായസൂചനകൾ

തൊലിപ്പുറത്തുള്ള ചുവന്ന പാടുകളോ മോണയിൽ നിന്നോ മൂക്കിൽ നിന്നോ മൂത്രത്തിലോ മലത്തിലോ ഉള്ള രക്തസ്രാവ ലക്ഷണങ്ങൾ, കഠിനമായ വയറുവേദന, തുടർച്ചയായ ഛർദ്ദി, വേഗത്തിലുള്ളതോ ബുദ്ധിമുട്ടുള്ളതുമായ ശ്വസനം, കഠിനമായ ക്ഷീണം,ക്ഷോഭം,അസ്വസ്ഥത.