
തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്നയാളെയും രണ്ട് കൂട്ടാളികളെയും എം.ഡി.എം.എയുമായി പൊലീസ് പിടികൂടി. വെള്ളനാട് കുളക്കോട് ഉത്രം വീട്ടിൽ രമേശ് (40), വലിയവേളി ജാസ്മിൻ ഹൗസിൽ ബൈജു പെരേര (33), ചെറിയതുറ പുതുവൽഹൗസിൽ റോയി ബെഞ്ചമിൻ (31) എന്നിവരാണ് സിറ്റി സാഗോക്ക് ടീമും ശ്രീകാര്യം പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.
നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ നിന്നിറങ്ങിയശേഷം ശ്രീകാര്യം കല്ലമ്പള്ളി ഭാഗത്ത് വീട് വാടകയ്ക്കെടുത്താണ് രമേശും മറ്റ് രണ്ടുപേരും ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെയും സംഘത്തെയും വീടുവളഞ്ഞാണ് പിടികൂടിയത്. 18 ഗ്രാം എം.ഡി.എം.എ, ഉപയോഗിച്ചതും, ഉപയോഗിക്കാത്തതുമായ നിരവധി സിറിഞ്ചുകൾ, ക്രിസ്റ്റൽ ബൗളുകൾ, മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ത്രാസ് എന്നിവയും പിടികൂടി.
മണ്ണന്തല, നാലാഞ്ചിറ, വട്ടപ്പാറ, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിൽ മോഷണം നടത്തിയതിന് പിടികൂടിയിട്ടുള്ളയാളാണ് രമേശ്. മോഷണശേഷം മുളകുപൊടി വിതറി അന്വേഷണം വഴിതെറ്റിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, മറ്റുകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.