നേമം: പ്രായപൂർത്തിയാകാത്ത ആറ് വിദ്യാർത്ഥികളോട് അപമര്യാദ കാട്ടിയ അദ്ധ്യാപകൻ ലോഡ്ജിൽ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്തുടർന്നെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നേമം സ്കൂളിലെ അദ്ധ്യാപകനായ ബിനോജിനെതിരെയാണ് നേമം പൊലീസ് പോക്സോ കേസെടുത്തത്. ഇക്കഴിഞ്ഞ 6നാണ് സ്കൂളിലെ ആറ് കുട്ടികൾ അദ്ധ്യാപകനെതിരെ കൗൺസലിംഗിനിടെ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടികളുടെ ശരീരത്തിൽ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി.കേസിനെ തുടർന്ന് ഒളിവിലായിരുന്ന ഇയാൾ സ്റ്റാച്യുവിലുള്ള ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോഡ്ജിലുള്ള വിവരം കന്റോൺമെന്റ് പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസെത്തി ലോഡ്ജ് മുറി ചവിട്ടിത്തുറന്നപ്പോഴാണ് ഇയാളെ ഇടതു കൈത്തണ്ട മുറിച്ച് ചോരവാർന്ന നിലയിൽ കണ്ടത്. ഉടനെ ജനറൽ ആശുപത്രിയിലെത്തിച്ചു. മുറിവ് ഗുരുതരാവസ്ഥയിലല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നേമം പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അരുവിക്കരയിൽ താമസിക്കുന്ന ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.