തിരുവനന്തപുരം: നിരവധി ആരോഗ്യസ്ഥാപനങ്ങൾ ഉൾപ്പെടുന്ന തലസ്ഥാന നഗരത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റണമെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും വി.കെ.പ്രശാന്ത് എം.എൽ.എ. കേരളകൗമുദി അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ഹെൽത്ത് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇവിടേക്ക് ചികിത്സയ്ക്കെത്തുന്നു.സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ രംഗത്തും സുസ്ത്യർഹമായ സേവനം നടത്തുന്ന നിരവധി മികവുറ്റ സ്ഥാപനങ്ങൾ തലസ്ഥാനത്തുണ്ട്. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.ആരോഗ്യരംഗത്ത് കേരളം മികച്ച മാതൃക സൃഷ്ടിച്ച് മുന്നോട്ടുപോകുന്നു.കേരള മോഡൽ തന്നെ സൃഷ്ടിക്കാനായി.ഏത് രോഗാവസ്ഥയെയും കേരളത്തിലെ ആരോഗ്യപ്രവർത്തകർ മനക്കരുത്തോടെ നേരിടുന്നു.സിസ്റ്റർ ലിനിയെപ്പോലെ സ്വന്തം ജീവൻപോലും മറന്ന് മുന്നോട്ടുവരുന്ന ആരോഗ്യപ്രവർത്തകരാണ് കേരള മോഡൽ സൃഷ്ടിക്കുന്നത്. കേരളത്തിന്റെ ആരോഗ്യനിലവാരം ഇന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമാണ്. ശിശുമരണനിരക്കും മാതൃമരണ നിരക്കും ഇത് വ്യക്തമാക്കുന്നു. കൊവിഡ് കാലത്തും ആളുകളെ മരണത്തിലേക്ക് വിട്ടുകൊടുക്കാതെ രോഗബാധിതരെ പരമാവധി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്. അതിനാൽ മരണനിരക്ക് കുറയ്ക്കാനായി. അത്തരം നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കേരളത്തിലെ പ്രമുഖ ദിനപത്രമായ കേരളകൗമുദിയുടെ എക്‌സ്പോയ്ക്ക് സാധിക്കും. കേരളകൗമുദിയുടെ 113 വർഷം പിന്നിട്ടുള്ള യാത്രയിൽ നിരവധി ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കുകയാണ്.തിരുവനന്തപുരത്തിന്റെ സ്വന്തം പത്രമായ കേരളകൗമുദി ഈ നാടിന്റെ കാര്യങ്ങളും മതേതരത്വവും സംരക്ഷിക്കാൻ വലിയ പ്രവർത്തനം നടത്തിയിട്ടുണ്ട്. വളർന്നുവരുന്ന തലമുറ കേരളകൗമുദി വായിക്കാനും മുഖപ്രസംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും തയ്യാറാവണം. ഭരിക്കുന്നവരുടെ മുഖം നോക്കാതെ വിമർശനങ്ങളുന്നയിച്ച് മുന്നോട്ടു പോകുന്ന കൗമുദിയുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ വി.കെ. പ്രശാന്ത് എം.എൽ.എയ്ക്ക് ഉപഹാരം നൽകി. ജനറൽ മാനേജർ ഷിറാസ് ജലാൽ, ചീഫ് മാനേജർ എസ്. വിമൽകുമാർ എന്നിവർ പങ്കെടുത്തു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി സ്വാഗതവും ജനറൽ മാനേജർ അയ്യപ്പദാസ് നന്ദിയും പറഞ്ഞു.
പ്രമുഖ ആശുപത്രികൾ ഒരു കുടക്കീഴിൽ !
വ്യത്യസ്ത സേവനങ്ങൾ നൽകുന്ന നഗരത്തിലെ പ്രമുഖ ആശുപത്രികളെല്ലാം ഒരിടത്ത്. കേരളകൗമുദി അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ഹെൽത്ത് എക്‌സ്പോയിലെ കാഴ്ചയാണിത്. സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാക്കുന്ന ആശുപത്രികളെല്ലാം നിരനിരയായി ആളുകളിലേക്ക് എത്തുന്നു. വിവിധ ആശുപത്രികളുടെ സ്റ്റോളുകളിൽ എത്തുന്നവർക്കായി മെഡിക്കൽ ക്യാമ്പും ഒരുക്കിയിട്ടുണ്ട്. എക്‌സ്പോയുടെ ആദ്യമണിക്കൂറുകളിൽ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർചികിത്സ ആവശ്യമുള്ളവർക്കുള്ള സഹായവും നൽകുന്നുണ്ട്.പ്രമുഖ 10 ആരോഗ്യസ്ഥാപനങ്ങളുടെ സ്റ്റോളുകളാണ് എക്‌സ്‌പോയിൽ ഒരുക്കിയിട്ടുള്ളത്. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, ചികിത്സ, മാരക രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാനുള്ള വഴികൾ, ചുരുങ്ങിയ ചെലവിൽ ചികിത്സ എന്നിങ്ങനെ ആരോഗ്യ സംരക്ഷണത്തിനായി അറിയേണ്ടതെല്ലാം കേരളകൗമുദി എക്‌സ്‌പോയിലുണ്ട്.