നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസിന്റെ പിൻഭാഗം തട്ടി പരിക്കേറ്റ യുവതിയുടെ വലതുകൈ പൂർണമായും മുറിച്ചുമാറ്റി. പെരുങ്കടവിള ആങ്കോട് അശ്വതിയിൽ പരേതനായ ശിവകുമാറിന്റെ ഭാര്യ അശ്വതിയ്ക്കാണ് (44) പരിക്കേറ്റത്.അപകടത്തിൽ യുവതിയുടെ വലതുകൈയിലെ ഞരമ്പുകളിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് കൈ പൂർണമായും മുറിച്ചുമാറ്റിയത്. ഇക്കഴിഞ്ഞ 24ന് വൈകിട്ട് 3ഓടെ നെയ്യാറ്റിൻകര ആലുംമൂടിനും ടി.ബി ജംഗ്ഷനും ഇടയിലായിരുന്നു അപകടം.നെയ്യാറ്റിൻകരയിലേക്ക് വരികയായിരുന്നു യുവതി. പാറശാലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് അലക്ഷ്യമായി ഓവർടേക്ക് ചെയ്തപ്പോൾ യുവതിയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസ് തട്ടി വീണ അശ്വതി 15 മിനിറ്റോളം റോഡിൽ കിടന്നെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ഒരു ഓട്ടോ ഡ്രൈവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തോളിനും തലയ്ക്കും ഗുരുതര പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയ നടത്തുകയും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും മാറ്റി.നെയ്യാറ്റിൻകര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ ലോട്ടറി ഡിപ്പാർട്ട്മെന്റ് ഓഫീസിൽ താത്കാലിക ജീവനക്കാരിയാണ് അശ്വതി.ബന്ധുക്കൾ കെ.എസ്.ആർ.ടി.സിയിലും പൊലീസിലും പരാതി നൽകി.പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു.