തിരുവനന്തപുരം: ഹാർഡ് വെയർ സ്ഥാപനത്തിൽ പടർന്ന തീ തൊട്ടടുത്ത ഇലക്ടിക്കൽ കടയിലേക്ക് വ്യാപിച്ചതോടെ ഇരുകടകളിലുമായി കോടികളുടെ നാശ നഷ്ടം.നന്തൻകോട് അനിഴം ട്രേഡേഴ്സ്, ലക്ഷ്‍മി ഇലക്ട്രിക്കൽസ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ വൻതീപിടിത്തമുണ്ടായത്.അനിഴം ട്രേഡേഴ്‌സിന്റെ പി.വി.സി പൈപ്പുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് ആദ്യം തീപിടിച്ചത്. ഇവിടെനിന്നും പെയിന്റ്,തിന്നർ എന്നിവ സൂക്ഷിച്ച ഭാഗത്തേക്ക് തീപടരുകയായിരുന്നു. ഇതോടെ തൊട്ടടുത്ത ലക്ഷ്മി ഇലക്ട്രിക്കൽസിലേക്കും തീപടർന്നു.ഇലക്ട്രിക്കൽ സ്ഥാപനത്തിലുണ്ടായിരുന്ന എൽ.ഇ.ഡി ബൾബുകൾ,ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയെല്ലാം തീപിടിത്തത്തിൽ നശിച്ചു.ചെങ്കൽച്ചൂളയിൽ നിന്ന് ഫയർഫോഴ്സിന്റെ 6 യൂണിറ്റും ചാക്കയിൽ നിന്ന് ഒരു യൂണിറ്റുമെത്തി മണിക്കൂറുകൾ പരിശ്രമിച്ചാണ് മറ്റുസ്ഥാപനങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.റീജിയണൽ ഫയർ ഓഫീസർ റഷീദ്,ജില്ലാ ഫയർ ഓഫീസർ സൂരജ്,സ്റ്റേഷൻ ഓഫീസർ നിതിൻരാജ്,ഷാജി,അരുൺ,അനീഷ്,അസി.സ്റ്റേഷൻ ഓഫീസർ ഷാജി ഖാൻ,സീനിയർ ഫയർ ഓഫീസർ ഷാഫി എന്നിവരടക്കമുള്ള 30അംഗ ഫയർഫോഴ്സ് സംഘം രണ്ടരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.