തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപത്തുവച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ നാലുപേർ പിടിയിൽ.വെമ്പായം സ്വദേശികളായ ഷിയാസ്,സുഹൈൽ,അർഫാജ്,രഞ്ജിത്ത് എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.കേസിൽ ഒരു വനിത ഉൾപ്പെടെ 7 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിന്റെ റൗഡി ലിസ്റ്റിൽപ്പെട്ട വെമ്പായം സ്വദേശി ഷിജിത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ലഹരിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വധശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കുത്തേറ്റ ഷിജിത്തും ഇയാളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഷിയാസും ലഹരി വില്പന സംഘാംഗങ്ങളാണ്. മുമ്പ് ലഹരികേസിൽ ഷിയാസ് വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായിരുന്നു.ഷിഹാസിനെ ഒറ്റുകൊടുത്തത് ഷിജിത്താണെന്ന് ധരിച്ചാണ് ഇവർ കൊലപാതകത്തിന് പദ്ധതിയിട്ടത്. ഇരുവരുടെയും സുഹൃത്തായ സ്‌നേഹയാണ് മാനവീയം വീഥിയിലെത്തിയ ഷിജിത്തിനെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലേക്ക് വിളിച്ചു കൊണ്ടുവന്നത്. ഇവിടെ കാറിലെത്തിയ ഷിയാസും മറ്റ് 3 പേരും ചേർന്ന് ഷിജിത്തിനെ മർദ്ദിക്കുകയും കുത്തിപരിക്കേല്പിക്കുകയുമായിരുന്നു. തുടർന്ന് ആളുകൂടിയതോടെ കുത്തേറ്റ ഷിജിത്തിനെയും സ്ഥലത്തുണ്ടായിരുന്ന മറ്റൊരാളെയും കാറിലേക്ക് പിടിച്ചുകയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയുടെ കോമ്പൗണ്ടിൽ കൊണ്ടിട്ടിട്ട് കടന്നുകളഞ്ഞു.

തുടർന്ന് ഇവരുടെ കാർ വട്ടപ്പാറയിലെ പനയറകോണത്ത് ഉപേക്ഷിച്ച് അവിടെനിന്ന് സുഹൃത്തുക്കളുടെ വാഹനങ്ങളിലും ട്രെയിനിലുമായി പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നു. ഇതിനുശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതികളെ പേരൂർക്കടയിൽ നിന്നാണ് പിടികൂടിയത്. പത്തനംതിട്ടയിലെ വീട്ടിൽ തിരിച്ചെത്തിയ സ്‌നേഹ അനിൽ കഴിഞ്ഞദിവസം പിടിയിലായിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആർ.രാഹുൽ, മുഹമ്മദ് ഫർഹാൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മ്യൂസിയം പൊലീസ് എസ്.എച്ച്.ഒ എസ്.വിമൽ, എസ്.ഐ ഷെഫിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.