
വർക്കല: പുന്നമൂടിനും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം ഏറിയതോടെ തെരുവുനായ ശല്യവും വർദ്ധിക്കാൻ തുടങ്ങി. പുന്നമൂട് മത്സ്യമാർക്കറ്റിന് സമീപം പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. ഇവിടെ മാലിന്യനിക്ഷേപം തടയാൻ നഗരസഭ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യനിക്ഷേപം നിർബാധം തുടരുകയാണ്.
പുന്നമൂട് മാത്രമല്ല നഗരസഭയുടെ മിക്ക പ്രദേശങ്ങളും ഇന്ന് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. റോഡുനീളെ മാലിന്യം ഭക്ഷിച്ച് നടക്കുന്ന ഇവ വിശ്രമിക്കാനെത്തുന്നത് സമീപത്തെ വീടുകളുടെ മുകളിലാണ്. ഇവിടെ കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കൾ കാരണം വീട്ടുകാർക്ക് ഈ വഴിക്ക് ചെല്ലാൻ പറ്റില്ല. എപ്പോൾ വേണമെങ്കിലും അവ ദേഹത്തേക്ക് ചാടിവീഴും.
പുന്നമൂട് ബിസ്മിയിൽ അഫ്സൽ നിസയുടെ വീടിനുമുകളിൽ ഇരുപതോളം നായ്‌ക്കളാണ് തമ്പടിച്ചിരിക്കുന്നത്. പ്രദേശത്തെ വീടുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്.
ആക്രമണം പതിവ്
ഇക്കഴിഞ്ഞ ജൂൺ 21ന് പുന്നമൂട്ടിലെ ഒരു വീട്ടിൽ മരണാന്തര ചടങ്ങിനെത്തിയ 6 പേരെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ പുന്നമൂട് റസിഡന്റ്‌സ് അസോസിയേഷൻ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും നടപടി മാത്രമില്ല. നടയറയിൽ മദ്രസയിൽ നിന്ന് മടങ്ങിയ പന്ത്രണ്ടുകാരനെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
വിനോദസഞ്ചാര മേഖലയിൽ ഇക്കഴിഞ്ഞ 6 മാസത്തിനുള്ളിൽ 30 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
അറുതിയില്ലാതെ തെരുവുനായ്ക്കൾ
പ്രദേശത്ത് തെരുവുനായ്ക്കൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വന്ധ്യംകരണം സർക്കാർ രജിസ്റ്ററിൽ മാത്രമാണെന്നും ആക്ഷേപമുണ്ട്. വർക്കല പൊലീസ് സ്റ്റേഷൻ പരിസരത്തും പുന്നമൂട്, നടയറ, ശിവഗിരി തുരപ്പിൻ മുഖം, ഗുഡ് ഷെഡ് റോഡ്, വെട്ടൂർ, ചെറുന്നിയൂർ, പാളയംകുന്ന് തുടങ്ങി മിക്ക പ്രദേശങ്ങളിലും റോഡുകളിൽ നിരവധി നായ്ക്കുട്ടികളെ കാണാം.