
ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നവംബർ 20ന് പനാജിയിൽ തിരിതെളിയുമ്പോൾ രാഗേഷ് നാരായണൻ എന്ന കണ്ണൂരിലെ ഇരിട്ടിക്കാരൻ നിറഞ്ഞ ആഹ്ലാദത്തിൽ. രാഗേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച തണുപ്പ് എന്ന ചിത്രം നവാഗത സംവിധായകന്റെ സിനിമയായി പുരസ്കാരത്തിന് ഇടം പിടിച്ചു. രാജ്യത്തെ വിവിധ ഫീച്ചർ സിനിമകളുടെ സംവിധായകരിൽനിന്ന് അന്തിമ ഘട്ടത്തിലെത്തിയ 5 പേരിൽ മലയാളിയായാണ് രാഗേഷിന്റെ സാന്നിദ്ധ്യം . മേളയിൽ ആദ്യമായാണ് നവാഗത സംവിധായകരുടെ സിനിമകൾക്ക് പുരസ്കാരം നൽകുന്നത്. ഛായാഗ്രാഹകനായി സിനിമയിൽ വന്നു ചിത്രസംയോജകനും സംവിധായകനും തിരക്കഥാകൃത്തുമായി മാറിയതാണ് രാഗേഷ് നാരായണന്റെ കഥ.സിനിമയുടെ വിശേഷങ്ങൾ രാഗേഷ് നാരായണൻ പങ്കിടുന്നു.
ഒരു പ്രതിസന്ധി
സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ് പ്രമേയം. എന്നാൽ, സുഹൃത്തിന്റെ മാത്രമല്ല എല്ലായിടത്തും ഭാര്യാ- ഭർത്താക്കന്മാർ നേരിടുന്ന പ്രശ്നം. അവരുടെ ജീവിതത്തിൽ സംഭവിക്കാത്തതാണ് ചിത്രത്തിന്റെ ക്ളൈമാക്സ്.പത്തുദിവസം കൊണ്ട് തിരക്കഥ പൂർത്തിയാക്കി.ചെറിയ ബഡ്ജറ്റായതിനാൽ ആറുമാസത്തിനകം ചിത്രീകരണം ആരംഭിക്കാൻ സാധിച്ചു. പുതുമുഖങ്ങൾ അഭിനയിക്കുന്നതിനാൽ പുതുമ അനുഭവപ്പെടുമെന്ന് അറിയാമായിരുന്നു. അഭിനയിച്ചവരിൽ ഒന്നുരണ്ടു പേർ മാത്രമാണ് അറിയപ്പെടുന്നവർ. നായികയെ കണ്ടെത്താൻ മാത്രമാണ് പ്രതിസന്ധി നേരിട്ടത്. ഓഡിഷനിൽ മുപ്പതിലധികം പേർ പങ്കെടുത്തെങ്കിലും ചില സീനുകൾ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന കാരണത്താൽ അവരെല്ലാം പിൻമാറി. ഒന്നു രണ്ടു സിനിമയിൽ അഭിനയിച്ചവരെ നോക്കിയെങ്കിലും അവരും ധൈര്യം കാണിച്ചില്ല. മാത്രമല്ല, പുതിയ നായകനും സംവിധായകനും. നായികയായി എത്തിയ ഒരു പെൺകുട്ടി അഞ്ചുദിവസം അഭിനയിച്ചശേഷം പിൻമാറി. തുടർന്ന് ചിത്രീകരണം നിറുത്തിവച്ചു. ആ സമയത്താണ് ജിബിയ എന്ന പെൺകുട്ടിയെക്കുറിച്ച് മോഡൽ കോ - ഓർഡിനേറ്റർ സുധീഷ് പറയുന്നത്. ജിബിയയോട് കഥ പറഞ്ഞു . വീട്ടുകാർക്കും എതിർപ്പില്ല. മുൻപ് ഒരു സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. കഴിവുണ്ടെന്ന് ജിബിയ പ്രേക്ഷകരെയും തെളിയിച്ചു.സുഹൃത്തും അസോസിയേറ്റ് ഡയറക്ടറുമായ നിധീഷ് നമ്പ്യാരാണ് നായകൻ. കഥാപാത്രത്തിന്റെ മാനറിസം നിധീഷിൽ കണ്ടു. ഒപ്പം കൂടെ നിൽക്കാൻ കഴിയുന്ന ആളുമാകണം.സൗഹൃദവലയത്തിൽ നിന്നാണ് സാങ്കേതിക വിദഗ്ദ്ധരിൽ എല്ലാവരും. സൗണ്ട് എൻജിനിയർ, എഡിറ്റർ, ഛായാഗ്രാഹകൻ തുടങ്ങിയവരെല്ലാം തുടക്കക്കാർ.കണ്ണൂർ മുഴക്കുന്ന് ഗ്രാമത്തിലും കുടകിനോട് ചേർന്ന വനപ്രദേശത്തും ചിത്രീകരണം. ശേഷിച്ച ഭാഗം ചെന്നൈയിലും വയനാട്ടിലും എറണാകുളത്തും ചിത്രീകരിച്ചു.നിർമ്മാതാക്കളായ അനു അനന്തനും, ഡോ. ലക്ഷ്മിയും നൽകിയ പിന്തുണ വലുതാണ്.
അഞ്ചാമത്തെ തിരക്കഥ
തലശേരി സ്കൂൾ ഒഫ് ആർട്സിൽ ചിത്രകല പഠിച്ച് തുടക്കം. ഇരിട്ടിയിൽ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്തു. സാങ്കേതികമായ അറിവുകൾ നേടിയപ്പോൾ എറണാകുളത്ത് വന്നു. അവിടെ സ്റ്റുഡിയോയിൽ എഡിറ്റംഗ്, മിക്സിംഗ് മേഖലകളിൽ പ്രവർത്തിച്ചു. പത്തുവർഷം മുൻപ് അയ്യായിരത്തോളം സ്റ്റിൽ ഫോട്ടോകൾ സംയോജിപ്പിച്ച്ഇന്ത്യയിലെ ആദ്യ മ്യൂസിക് വീഡിയോ ആൽബം റാപ് സോഡ് പുറത്തിറക്കി.ഫോട്ടോഗ്രഫിയോടുള്ള താത്പര്യത്തിൽ യാദൃച്ഛികമായി ഹലേലുയാ സിനിമയുടെ ഛായാഗ്രാഹകനാകുകയും ചെയ്തു.അഞ്ചു സിനിമകൾക്കും മുന്നൂറിലധികം പരസ്യ ചിത്രങ്ങൾക്കും ക്യാമറ ചെയ്തു . രണ്ടു സിനിമകളുടെ എഡിറ്റിംഗ് നിർവഹിച്ചു.
അഞ്ച് തിരക്കഥകൾ എഴുതിയിട്ടുണ്ട്. അവസാനം എഴുതിയ തണുപ്പ് ആദ്യ സിനിമയാകുകയും ചെയ്തു.പ്രതീക്ഷിക്കാത്ത പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. പതിമൂന്നു ചലച്ചിത്രോത്സവങ്ങളിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദാദാസാഹിബ് ഫാൽക്കെ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള ജൂറി പുരസ്കാരം . മദ്രാസ്ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി അംഗീകാരം. ഐ. എഫ്.എഫ്.ഐയും ഐ.എഫ്.എഫ്.കെയും സ്വപ്നം തന്നെയായിരുന്നു.