
തിരുവനന്തപുരം: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പാപ്പനംകോടിനെയും മുടവൻമുകളിനെയും ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ പാലം വരുന്നു.13.60 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. പാലത്തിന്റെ നിർമ്മാണം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരപരിധിയിലുള്ള കരമനയാറിന്റെ രണ്ട് കരകളിലാണ് മുടവൻമുകളും പാപ്പനംകോടും. കരമന - കളിയിക്കാവിള റോഡിൽ പാപ്പനംകോട് മലയിൻകീഴ് റോഡിൽ ഇൻഡസ്ട്രിയൽ എസ്റ്രേറ്റിന് പിറകിലുള്ള സെന്റ് ആന്റണീസ് സ്കൂളും കഴിഞ്ഞ് വെട്ടിക്കുഴി,മലമേൽക്കുന്ന് പ്രദേശമാണ് പാലത്തിന്റെ ഒരുവശം. പൂജപ്പുര താണ്ടി മുടവൻമുഗൾ ജംഗ്ഷനിൽ നിന്ന് സെന്റ് മേരീസ് സ്കൂളിനടുത്താണ് പാലത്തിന്റെ മറുവശം.
കളിയിക്കാവിള,നെയ്യാറ്റിൻകര ഭാഗത്തു നിന്ന് എൻ.എച്ച് 47ലൂടെ വരുന്നവർക്ക് നഗരക്കുരുക്കിൽപ്പെടാതെ പെട്ടെന്ന് പാപ്പനംകോട്ടു നിന്ന് തിരിഞ്ഞ് പൂജപ്പുര,മുടവൻമുകൾ,തിരുമല,പാങ്ങോട് പ്രദേശങ്ങളിലേക്കും കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാൻ കഴിയുന്ന ഷോർട്ട് കട്ടായി പാലം മാറും. പ്രധാനമായും പാപ്പനംകോട് ഭാഗത്ത് പാലത്തിനോടു ചേർന്നുള്ള മലമേൽക്കുന്ന്,വെട്ടിക്കുഴി തുടങ്ങി ആറിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ താമസക്കാരായ ജനങ്ങൾക്ക് പാലം അനുഗ്രഹമാകും.
പാലത്തിൽ നിന്ന് പൂജപ്പുര ഭാഗത്തേക്കുള്ള ദൂരം
മുടവൻമുകൾ - 400 മീറ്റർ
പൂജപ്പുര - 1.7 കി.മീറ്റർ
പാപ്പനംകോട് ഭാഗത്തേക്കുള്ള ദൂരം
ഇൻഡസ്ട്രിയൽ എസ്റ്രേറ്റ് - 1.7 കി.മീറ്റർ
പാപ്പനംകോട് ദേശീയപാത - 3.1 കി.മീറ്റർ
കോൺട്രാക്ടർ - ഊരാളുങ്കൽ
നിർമ്മാണം - പി.ഡബ്ല്യു.ഡി
മുടവൻമുഗൾ പാലം
കരമനയാറിന്റെ കിഴക്ക് ഭാഗത്തുള്ള പാപ്പനംകോടിനെ പൂജപ്പുരയായും പടിഞ്ഞാറ് മുടവൻമുഗൾ വഴി തിരുവനന്തപുരം നഗരവുമായും ബന്ധിപ്പിക്കും.
പദ്ധതിച്ചെലവ് - 1360 ലക്ഷം രൂപ(ഭരണാനുമതിയായത്)
ഏറ്റെടുത്ത ഭൂമി -18 ഭൂവുടമകളിൽ നിന്നും 5.83 ആർ (14.41 സെന്റ്)
നിർമ്മാണം തുടങ്ങിയത് - 2024 ജനുവരി 29ന്
നിർമ്മാണ കാലാവധി - 18 മാസം
വീതി - 11 മീറ്റർ
വാഹന സഞ്ചാര പാത - 7.5 മീറ്റർ വീതിയിൽ
ഇരുവശങ്ങളിലും നടപ്പാതകൾ -1.5 മീറ്റർ വീതിയിൽ
പാലത്തിന്റെ ഇരുകരകളിലുമായി 230 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകൾ