തിരുവനന്തപുരം: നഗരത്തിന്റെ വികസന കാര്യങ്ങളിൽ കേരളകൗമുദി ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാറുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ. അയ്യങ്കാളി ഹാളിൽ കേരളകൗമുദി സംഘടിപ്പിച്ച മെഡിക്കൽ സെമിനാറിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മേയർ. നല്ല വിമർശനങ്ങൾ പരിശോധിച്ച് പരിഹരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നഗരസഭയുടെ മികച്ച പ്രവർത്തനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കും അത് അനിവാര്യമാണ്. കോർപ്പറേഷന്റേത് കൂട്ടായ പ്രവർത്തനമാണ്. അതിൽ മാദ്ധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.തുടർന്നുള്ള പ്രവർത്തനങ്ങൾക്കും കേരളകൗമുദിയുടെ പിന്തുണ ആവശ്യമാണ്. കേരളം ആരോഗ്യരംഗത്ത് സ്വപ്നംകണ്ട മുന്നേറ്റം കൈവരിക്കാൻ സാധിച്ചത് അഭിമാനകരമാണ്. കൊവിഡ്,നിപ പോലുള്ള പ്രതിസന്ധികളിൽ മാത്രമല്ല, എല്ലാ ഘട്ടത്തിലും കേരളത്തിലെ സാധാരണക്കാർക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞു. ആരോഗ്യവിഷയങ്ങളിൽ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനംപോലെ തദ്ദേശസ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ആരോഗ്യവകുപ്പിന്റെ ആർദ്രകേരളം പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളിലെ വ്യത്യസ്തതകൾ പരിഗണിച്ചാണ് യു.എൻ ഹാബിറ്റാറ്റ് ഷാംങ് ഹായ് പുരസ്കാരം നഗരസഭയ്ക്ക് ലഭിച്ചത്. ഈജിപ്തിലെ പ്രധാനമന്ത്രി പങ്കെടുത്ത അലക്‌സാണ്ട്രിയയിൽ നടന്ന പരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അവാർഡ് വാങ്ങാൻ തിരുവനന്തപുരം നഗരസഭ മാത്രമാണ് ഉണ്ടായിരുന്നത്. ചരിത്രത്തിൽ ഇതുവരെ ഇന്ത്യയിലെ മറ്റൊരു നഗരത്തിനും ഈ മുന്നേറ്റം നടത്താനായിട്ടില്ലെന്നത് തലസ്ഥാന നഗരത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണ്. സുസ്ഥിര വികസനം കേരളത്തിനും തിരുവനന്തപുരം കോർപ്പറേഷനുമുള്ള കാഴ്ചപ്പാടുകൾ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതിന് ഉദാഹരണമാണിതെന്നും മേയർ കൂട്ടിച്ചേർത്തു.