
തിരുവിതാംകൂർ- കൊച്ചി നിയമസഭയിലേക്കുള്ള 1954-ലെ തിരഞ്ഞെടുപ്പ്. ആലപ്പുഴ ജില്ലയിലെ ദ്വയാംഗ മണ്ഡലമായ ഭരണിക്കാവിൽ അവിഭക്ത കമ്യൂണിസ്റ്ര് പാർട്ടിയുടെ രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾ വള്ളികുന്നം സ്വദേശി ഭാസ്കരൻപിള്ള. മദ്ധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുപ്പിടിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച നേതാക്കളിലൊരാൾ. അതുകൊണ്ടു തന്നെ ഭാസ്കരൻപിള്ളയെ തോൽപ്പിക്കുകയെന്നത് കോൺഗ്രസിന്റെ അഭിമാന പ്രശ്നമായി. ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ വള്ളികുന്നത്ത് കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
കടേയ്ക്കൽചന്തയ്ക്കു സമീപം കോൺഗ്രസ് അനുഭാവിയായ ഒരു പ്രമാണിയുടെ പുരയിടത്തിൽ നെഹ്രുവിന് പ്രസംഗിക്കാനുള്ള വേദി സജ്ജമാക്കി. മൈക്ക് സെറ്റിന്റെ ഒരു കോളാമ്പി, തൊട്ടടുത്തുള്ള കമ്യൂണിസ്റ്ര് സ്ഥാനാർത്ഥി ഭാസ്കരൻപിള്ളയുടെ വീടായ 'തോപ്പിൽ ഭവന"ത്തിനു നേരെ തിരിച്ചുവയ്ക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചു. കമ്യൂണിസ്റ്റുകാർക്കെതിരെയും സ്ഥാനാർത്ഥിക്കെതിരെയും ജവഹർലാൽ നെഹ്രു നടത്തിയ പ്രസംഗം ആദ്യവസാനം ഭാസ്കരൻപിള്ളയുടെ മാതാപിതാക്കൾ വീട്ടിലിരുന്നു കേട്ടു. പക്ഷേ, നെഹ്രുവിന്റെ പ്രസംഗം ഫലം കണ്ടില്ല, ഭാസ്കരൻപിള്ള നല്ല ഭൂരിപക്ഷത്തിൽ ജയിച്ച് നിയമസഭയിലെത്തി. പക്ഷെ, ആ സ്ഥലം പിന്നീട് കോൺഗ്രസുകാരുടെ സ്ഥിരം പ്രസംഗവേദിയായി!
കുറെ വർഷങ്ങൾക്കു ശേഷം കമ്യൂണിസ്റ്റുകാരെ കളിയാക്കിക്കൊണ്ട് കാഥികൻ രാജൻ 'മക്രോണി" എന്ന കഥാപ്രസംഗം നടത്താൻ ഇതേ വേദിയിലെത്തി. കഥാപ്രസംഗത്തിനിടെ കമ്യൂണിസ്റ്റുകാർക്കെതിരെയും ഭാസ്കരൻപിള്ളയ്ക്കെതിരെയും കാഥികൻ പറഞ്ഞ ആക്ഷേപങ്ങളും മാതാപിതാക്കൾക്ക് കേൾക്കേണ്ടി വന്നു. കഥാപ്രസംഗം കഴിഞ്ഞു പോയ 'മക്രോണി രാജനെ"യും അന്ന് പ്രസംഗത്തിനെത്തിയ കോൺഗ്രസിലെ വനിതാ സിംഹം ദേവകി കൃഷ്ണനെയും (വയലാർ രവിയുടെ മാതാവ്) മണക്കാട് ചന്തയിൽ പാർട്ടി പ്രവർത്തകർ തടഞ്ഞു. ദേവകി കൃഷ്ണൻ ഒരുവിധം രക്ഷപ്പെട്ടു, പക്ഷെ കാഥികൻ പ്രവർത്തകരുടെ കൈച്ചൂട് നല്ലപോലെ അറിഞ്ഞു.
പിന്നെയും കാലം പോയി. പ്രമാണിയിൽ നിന്ന് ഈ സ്ഥലം ഭാസ്കരൻപിള്ള വാങ്ങി. നെഹ്രുവിന് പ്രസംഗവേദി ഒരുക്കിയ അതേ സ്ഥലത്ത് അദ്ദേഹം വലിയൊരു വാട്ടർ ടാങ്ക് നിർമിച്ചു. അതിൽ നിറയെ ആമ്പലും എയ്ഞ്ചൽ മത്സ്യങ്ങളും. മിക്ക ദിവസങ്ങളിലും ഇതിൽ ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കും, നെഹ്രുവിന്റെ വരവിന്റെ ഓർമപ്പൂക്കളായി!
നെഹ്രുവിന്റെ
ആലിംഗനം!
1960 കാലം. ഡൽഹി ഫൈൻ ആർട്സ് ഹാളിൽ കായംകുളം കെ.പി.എ.സിയുടെ 'പുതിയആകാശം പുതിയ ഭൂമി" നാടകം അരങ്ങേറുന്നു. ഭരണിക്കാവിലെ പഴയ സ്ഥാനാർത്ഥി ഭാസ്കരൻപിള്ള അപ്പോഴേക്കും തോപ്പിൽഭാസി എന്ന ആൽമരമായി വളർന്നു പന്തലിച്ചിരുന്നു. നാടകത്തിന്റെ മുഖ്യസംഘാടകൻ എ.കെ.ജിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നാടകം കാണാനെത്തി. ഉപരാഷ്ട്രപതി ഡോ. രാധാകൃഷ്ണൻ, വി.കെ. കൃഷ്ണമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ തുടങ്ങി പ്രമുഖരുടെ ഒരു നിരയും.
ഒന്നുരണ്ട് രംഗങ്ങൾ കണ്ടു മടങ്ങാമെന്ന ധാരണയിൽ എത്തിയ നെഹ്രു നാടകത്തിൽ ലയിച്ചു. സദസിന്റെ നാലാമത്തെ നിരയിലേക്ക് മാറിയിരുന്ന് അവസാനരംഗം വരെ അദ്ദേഹം ആസ്വദിച്ചു. നാടകം അവസാനിച്ചപ്പോൾ സ്റ്റേജിലേക്കു കയറിയ നെഹ്രു, രചയിതാവും സംവിധായകനുമായ തോപ്പിൽ ഭാസിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു; പണ്ട് എതിർത്തു പ്രസംഗിച്ചതിന്റെ പ്രായശ്ചിത്തം പോലെ. അന്ന് നെഹ്രു അനുമോദിക്കുന്ന കറുപ്പിലും വെളുപ്പിലുമുള്ള ചിത്രം ഇപ്പോഴും വീടിന്റെ ഭിത്തിയിൽ തൂങ്ങുന്നു.
അതിനു ശേഷം നെഹ്രുവിനോട് ഒരുവിധത്തിൽ ചെറിയ ആരാധന പോലും തോപ്പിൽ ഭാസിക്കുണ്ടായിരുന്നു. കോൺഗ്രസിലെ ലെഫ്റ്റിസ്റ്റ് ആണ് നെഹ്രു എന്ന് ഭാസി എപ്പോഴും പറയുമായിരുന്നു. ഗാന്ധിജിയെ ധിക്കരിക്കരുതെന്ന പിതാവ് മോത്തിലാൽ നെഹ്രുവിന്റെ നിർബന്ധമുണ്ടായില്ലായിരുന്നെങ്കിൽ , നെഹ്രുവിന്റെ വഴി വേറെയാകുമായിരുന്നു എന്നായിരുന്നു ഭാസിയുടെ പക്ഷം. നെഹ്രുവിലെ സാഹിത്യകാരന്റെ സ്വാധീനമാവാം, അദ്ദേഹത്തോടുണ്ടായ അടുപ്പത്തിനു കാരണം. ഇതൊക്കെയാണെങ്കിലും 1957-ലെ ഇ.എം.എസ് സർക്കാരിനെ, എ.ഐ.സി.സി അദ്ധ്യക്ഷയായിരുന്ന മകൾ ഇന്ദിരയുടെ വാക്കുകൾ കേട്ട് പിരിച്ചുവിട്ടപ്പോൾ അതിനിശിതമായി വിമർശിക്കാനും മടിച്ചില്ല, ഭാസി.
അതിഥികളുടെ
അരങ്ങ്
ആമ്പൽക്കുളത്തിനു പിന്നിലായി പിന്നീട് തോപ്പിൽ ഭാസി വീട് പണിതു. ഇപ്പോഴും വീട്ടുമുറ്റത്ത് ആ ടാങ്കും നിറയെ വെള്ളവുമുണ്ട്. വൃത്തിയാക്കലിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് ആമ്പലുകൾ മാറ്റി. പക്ഷെ ഇനിയും ഇവിടെ വിരിയും, പണ്ഡിറ്റ്ജിയുടെ ഓർമപ്പൂക്കൾ. തോപ്പിൽ ഭാസിയുടെ മകൾ മാലയാണ് ഇപ്പോൾ ഈ വീട്ടിൽ. ഭാസിയുടെ പ്രിയപത്നി അമ്മിണിഅമ്മ മൂന്നുവർഷം മുമ്പ് മരിക്കും വരെ ഇവിടെയായിരുന്നു താമസം. തോപ്പിൽഭാസി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യം വീട്ടിലുണ്ട്. നാടക, സിനിമാ പ്രവർത്തനത്തിന് അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങളുടെ സാക്ഷ്യപത്രങ്ങൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ, അദ്ദേഹത്തിന്റെ രചനകളുടെ ചില കൈയെഴുത്തു പ്രതികൾ ... എല്ലാം പഴയതുപോലെ ഇവിടെയുണ്ട്.
കെ.പി.എ.സിയുടെ നാടകങ്ങൾ വിട്ട് സിനിമയിലെത്തിയപ്പോൾ മലയാളത്തിലെ ഏറ്റവും വിലയുള്ള തിരക്കഥാകൃത്തായി മാറാൻ ഭാസിക്ക് അധിക സമയം വേണ്ടിവന്നില്ല. അന്നത്തെ വലിയ നിർമാണ കമ്പനികളായ മഞ്ഞിലാസ്, ഉദയ തുടങ്ങിയവരുടെ ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്തും പിന്നീട് സംവിധായകനുമായി മാറി. സത്യൻ, പ്രേംനസീർ, മധു എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നായകന്മാർ. മധുവുമായി വലിയ മാനസിക അടുപ്പമായിരുന്നു. തകഴിയുടെ 'ഏണിപ്പടികൾ" തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന സമയം. ഇടയ്ക്ക് എപ്പോഴോ ഒരിടവേള കിട്ടിയപ്പോൾ മധു നേരെ വള്ളികുന്നത്തേക്ക് വച്ചുപിടിച്ചു. ഗ്രാമീണ ഭംഗിയിലുള്ള ഈ വീട് മധുവിന് വലിയ ഇഷ്ടമായി.
വീട്ടിൽ നിന്ന് ഏഴെട്ടു കിലോമീറ്റർ മാത്രം ദൂരത്തുള്ള കറ്റാനത്തെ സർക്കാർ ടി.ബിയിലിരുന്നു തോപ്പിൽഭാസിയുടെ നാടക, തിരക്കഥാ രചനയിലേറെയും. രോഗബാധയെ തുടർന്ന് ഇടതുകാൽ മുറിച്ചതോടെയാണ് വീട്ടിൽ തോപ്പിൽഭാസി സജീവ സാന്നിദ്ധ്യമാവുന്നത്. അപ്പോഴും എഴുത്തിന്റെ തിരക്കിന് കുറവ് തെല്ലുമുണ്ടായില്ല. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, ചാകര, പിൻനിലാവ്, രുഗ്മ, ഹൃദയവാഹിനി തുടങ്ങി എത്രയോ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥകൾ പിറവിയെടുത്തത് ഈ വീടിന്റെ മുറ്റത്തും മാഞ്ചുവട്ടിലുമായിട്ടാണ്.
ലോഹിയുടെ
മാനസഗുരു
ഇക്കാലഘട്ടത്തിലെ ഒരു അതിഥിയായിരുന്നു അന്തരിച്ച തിരക്കഥാകൃത്ത് എ.കെ.ലോഹിതദാസ്. 'സിന്ധു ശാന്തമായി ഒഴുകുന്നു" എന്ന തന്റെ നാടകം വായിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താനാണ് ലോഹി എത്തിയത്. തോപ്പിൽഭാസിയെ മാനസഗുരുവായാണ് ലോഹി കണ്ടിരുന്നത്. നാടകം വായിച്ചശേഷം 'വളരെ നന്നായിരിക്കുന്നു" എന്ന് അഭിപ്രായം പറഞ്ഞ ഭാസി, ഒരു കാര്യം കൂടി സൂചിപ്പിച്ചു- 'നിങ്ങളുടെ മേഖല നാടകമല്ല, സിനിമയാണ്!" ആ വാക്കുകൾ പൊന്നായി, അധികം വൈകാതെ 'തനിയാവർത്തന"ത്തിലൂടെ ലോഹി സിനിമയിലെത്തി. ഒരു കലാസൃഷ്ടി എന്തായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണം തോപ്പിൽഭാസിയുടെ 'അശ്വമേധം" നാടകമാണെന്ന് ലോഹിതദാസ് ഇടയ്ക്കിടെ ആവർത്തിച്ചിരുന്നു.
കുടുംബ സദസുകളുടെ പ്രിയ സംവിധായകൻ സത്യൻഅന്തിക്കാടും ഈ വീട്ടിലേക്ക് എത്തിയ മറ്റൊരു അതിഥിയാണ്. ഭാസിയുടെ തിരക്കഥയിൽ ഒരു സിനിമ- അതായിരുന്നു വരവിന്റെ ലക്ഷ്യം. കൂടിക്കാഴ്ച കഴിഞ്ഞു പോയെങ്കിലും ആ സിനിമ സംഭവിക്കാൻ കാലം അനുവദിച്ചില്ല. വയലാറുമായി ബന്ധപ്പെട്ട്, അന്തരിച്ച സാഹിത്യ നിരൂപകൻ എം. കൃഷ്ണൻനായർ ഒരിക്കൽ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ തോപ്പിൽഭാസിയുമായി ചെറിയ ഉരസലുണ്ടായി. ഇരുവരും എഴുത്തിലൂടെ കൊമ്പുകോർത്തത് അക്കാലത്ത് വലിയ വിവാദമായിരുന്നു. വിവാദം കത്തി നിൽക്കുന്നതിനിടെ ഒരു ദിവസം എം. കൃഷ്ണൻനായർ അപ്രതീക്ഷിതമായി തോപ്പിലേക്കു വന്നു!
സിംഹരാജനും
പേടമാനും
പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടപ്പോൾ ഭാസിയും വികാരാധീനനായി. ആ കൂടിക്കാഴ്ചയോടെ തർക്കത്തിന് പര്യവസാനമായി. പിന്നീട് എം. കൃഷ്ണൻനായർ തന്റെ 'സാഹിത്യവാരഫലം" പംക്തിയിൽ ഇതേക്കുറിച്ച് എഴുതിയത് ഇങ്ങനെ: 'ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ സിംഹം ചാരുകസേരയിൽ ഇരിക്കുന്നു. എന്നെ കണ്ടതോടെ സിംഹം പേടമാനായി..."
അന്തരിച്ച നടന്മാരായ ശങ്കരാടി, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, കവി ഒ.എൻ.വി, സംഗീത സംവിധായകൻ ജി.ദേവരാജൻ... അങ്ങനെ പോകുന്നു, അക്കാലത്ത് ഇവിടെ സന്ദർശകരായിരുന്ന പ്രമുഖരുടെ നിര. ഇതിനെല്ലാം സാക്ഷിയായി കെ. കേശവൻപോറ്റി എന്ന പോറ്റിസാറും.
കെ.പി.എസിയുടെ ജീവാത്മായിരുന്ന തോപ്പിൽ ഭാസി, സമിതിക്കു വേണ്ടി പതിനാറ് നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. നൂറിലധികം തിരക്കഥകൾ രചിച്ചു. പതിനാറ് സിനിമകൾ സംവിധാനം ചെയ്തു. സിനിമയ്ക്കും നാടകത്തിനുമായി ലഭിച്ച സംസ്ഥാന അവാർഡുകൾ ഉൾപ്പെടെയുള്ളവയുടെ ശില്പങ്ങൾ വീട്ടിലെ അലമാരയിലുണ്ട്. ഒരു കാൽ നഷ്ടമായ ശേഷം അദ്ദേഹത്തിന്റെ സന്തത സഹചാരിയായി മാറിയ വീൽചെയറും ക്രച്ചസും അതേപോലെ സൂക്ഷിക്കുന്നു. എഴുതി പൂർത്തിയാക്കാത്ത ഏതോ തിരക്കഥയുടെ അക്ഷരങ്ങൾ മാഞ്ഞുതുടങ്ങിയ കടലാസുകളും. അതിനു മീതെ കണ്ണടയും സൂക്ഷിപ്പുകളുടെ കൂട്ടത്തിലുണ്ട്. എല്ലാത്തിനും കാവലാളായി മകൾ മാല.
മക്കളായ അജയനും (പെരുന്തച്ചൻ എന്ന സിനിമയുടെ സംവിധായകൻ) രാജനും ഇന്നില്ല. മറ്റു മക്കളായ അഡ്വ. തോപ്പിൽ സോമനും (നാടകകൃത്ത്) സുരേഷും അൽപ്പം അകലെയാണ് താമസം. മാലയുടെ മൂത്ത മകളും മാദ്ധ്യമ പ്രവർത്തകയുമായ ശബ്നം എറണാകുളത്താണ്. ഇളയ മകൾ ചിത്ര ഡെപ്യൂട്ടി സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗം.
അണിയറയും
അരങ്ങും
ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് തോപ്പിൽ പരമേശ്വരൻപിള്ള- നാണിക്കുട്ടി അമ്മ ദമ്പതികളുടെ മകൻ. ചങ്ങൻകുളങ്ങര സംസ്കൃത സ്കൂളിലും വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. സംസ്കൃത ശാസ്ത്ര കോഴ്സിൽ ബിരുദം. കാമ്പിശ്ശേരി കരുണാകരനായിരുന്നു ചെറുപ്പം മുതൽ ഉറ്റചങ്ങാതി. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ വൈദ്യ കലാനിധി ബിരുദം. ആയുർവേദ കോളേജിലെ പഠനകാലത്ത് നിരവധി വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകി.
പിൽക്കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനത്ത്. ശൂരനാട് സംഭവത്തിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിൽപോയി. ഇക്കാലത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
കേരളത്തിലെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റായി. 1954-ൽ ഭരണിക്കാവിൽ നിന്നും 1957-ൽ പത്തനംതിട്ടയിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി. ഒളിവിലെ ഓർമകൾ അവസാന നാടകം. 1992 ഡിസംബർ എട്ടിന് അന്തരിച്ചു.