cancer

ഓരോ പ്രദേശത്തെയും പൗരന്മാരുടെ മുഴുവൻ അടിസ്ഥാന ആരോഗ്യ വിവരങ്ങൾ ശേഖരിക്കുവാനും,​ അതിന്റെ അടിസ്ഥാനത്തിൽ ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ഒരുക്കുവാനും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ 'ആർദ്രം" പദ്ധതി തുടങ്ങിയത്. ഈ പദ്ധതിയുടെ ഭാഗമായി 50 ലക്ഷം പേർക്ക് രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയപ്പോൾ അതിൽ 1,10,781 പേർക്ക് ക്യാൻസർ സാദ്ധ്യത കണ്ടെത്തിയിരിക്കുകയാണ്. കേരളത്തിൽ അതിവേഗം വ്യാപിക്കുന്ന ഒരു രോഗമായി ക്യാൻസർ മാറിയിരിക്കുന്നു എന്നത് ബോദ്ധ്യപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ക്യാൻസർ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയവരെ തുടർ ചികിത്സയ്ക്കായി റഫർ ചെയ്തിരിക്കുകയാണ്. എന്തായാലും ക്യാൻസറിന്റെ സാദ്ധ്യത തുടക്കത്തിൽത്തന്നെ കണ്ടെത്താനായത് മികച്ച ചികിത്സാ സേവനങ്ങൾ കരുതലോടെ നൽകുവാനും മറ്റും ഉപയുക്തമാകും. പഴയ കാലത്തെപ്പോലെയല്ല; പ്രാരംഭ ദശയിൽ ചികിത്സിച്ചാൽ പല ടൈപ്പ് ക്യാൻസറുകളും ഇപ്പോൾ പൂർണമായും ഭേദമാക്കാനാകും.

സംസ്ഥാന ക്യാൻസർ ചികിത്സയിലെ മുഖ്യ കേന്ദ്രമായ ആർ.സി.സിയും മറ്റും ഏറ്റവും മികച്ച ആധുനിക ചികിത്സയാണ് ക്യാൻസറിന് നൽകിവരുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് 'ശൈലി" എന്ന പേരിൽ രണ്ടാം ഘട്ട പരിശോധനയാണ് ഇപ്പോൾ നടത്തിയത്. പരിശോധനയ്ക്ക് വിധേയരായവരിൽ 23,21,315 പേർക്ക് ജീവിതശൈലീ രോഗ സാദ്ധ്യതയുള്ളതായി കണ്ടെത്തി.1,45,867 പേരെ ടി.ബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫർ ചെയ്തു. പദ്ധതിയുടെ ഭാഗമായി 54,772 കിടപ്പുരോഗികളെയും പരസഹായം ആവശ്യമുള്ള 85,551 പേരെയും 16,31,932 വയോജനങ്ങളെയും സന്ദർശിച്ച് തുടർ സേവനങ്ങൾ നൽകുന്നതും മറ്റും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ്. ക്യാൻസർ രോഗം ഇത്രയധികം ആളുകളെ പിടികൂടുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രത്യേക പഠനങ്ങൾ നടത്തേണ്ടത് ആവശ്യമാണ്.

ഗർഭാശയവുമായി ബന്ധപ്പെട്ട ക്യാൻസർ തടയുന്നതിന് വാക്‌സിനേഷൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായി രണ്ടു ജില്ലകളിൽ മാത്രമാണ് നടന്നത്. ഇത് വ്യാപിപ്പിക്കാനും എല്ലാ ജില്ലകളിലും നടപ്പാക്കാനും കഴിയണം. സ്വകാര്യ ആശുപത്രികളിൽ ഇത്തരം വാക്‌സിൻ ലഭിക്കുമെങ്കിലും പല തവണകളിലായി ഇതിന്റെ വാക‌്‌സിൻ എടുക്കുന്നതിനുള്ള ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. അതുപോലെ തന്നെ,​ വർഷങ്ങളായി ക്യാൻസർ ചികിത്സ നടത്തുന്നവരെ കണ്ടെത്തി അവർക്ക് ധനസഹായം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നതിനും സർക്കാർ 'ആർദ്രം" മോഡലിൽ പ്രത്യേക പദ്ധതികൾ തുടങ്ങേണ്ടതാണ്. സമ്പന്നരായ സ്വകാര്യ വ്യക്തികൾക്ക് ക്യാൻസർ രോഗികളുടെ ചികിത്സ ഏറ്റെടുക്കുന്നതിന് വഴിയൊരുക്കുന്ന പദ്ധതികളും സർക്കാരിന് തുടങ്ങാവുന്നതാണ്. എല്ലാം സർക്കാരിനെക്കൊണ്ട് മാത്രം കഴിയുന്നതല്ല എന്നതിനാൽ സ്വകാര്യ കമ്പനികളെയും വ്യക്തികളെയും മറ്റും സഹകരിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ല.

കേരളീയർ കഴിക്കുന്ന ഭക്ഷണത്തിന്റെ തൊണ്ണൂറു ശതമാനവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. പച്ചക്കറികളിൽ കീടനാശിനിയുടെ അംശം കൂടുതലാണെന്ന പരാതി നേരത്തേ മുതലുള്ളതാണ്. ഇതൊക്കെ പരിശോധിക്കാൻ സംവിധാനമുണ്ടെങ്കിലും അതൊക്കെ നിർജ്ജീവാവസ്ഥയിലാണ്. മാംസവും മീനും മറ്റും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വരെയാണ് ഇപ്പോൾ കേരളത്തിൽ എത്തുന്നത്. ഇത് കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കുന്ന രാസലായനികൾ മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ക്യാൻസർ തടയാനുള്ള പദ്ധതിയുടെ ഭാഗമായിത്തന്നെ നാട്ടിലെ പച്ചക്കറിക്കൃഷി നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാ ഉത്തരവാദിത്വവും സർക്കാരിനെ ഏൽപ്പിക്കാതെ അയൽക്കൂട്ടങ്ങൾക്കും സ്വകാര്യ സംഘടനകൾക്കും റസിഡൻസ് അസോസിയേഷനുകൾക്കും മറ്റും ഇത്തരം ചുമതലകൾ ഏറ്റെടുക്കാവുന്നതാണ്. വിഷവസ്തുക്കളില്ലാത്ത ഭക്ഷണം പ്രദാനം ചെയ്യാനായാൽത്തന്നെ ക്യാൻസറിനെ വലിയൊരു പരിധിവരെ ചെറുക്കാനാവും.