
തിരുവനന്തപുരം:ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാനെത്തുന്നവർ വനിതാ ജീവനക്കാരോട് അധികം ഷോ കാട്ടാൻ നിൽക്കേണ്ട, പണിപാളും. മദ്യം എടുത്തു നൽകാൻ മാത്രമല്ല, ആവശ്യമെങ്കിൽ കൈക്കരുത്ത് കാട്ടാനും അവർ ഇനി മടിക്കില്ല.
വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധ പരിശീലനം (സെൽഫ് ഡിഫൻസ് ക്ളാസ്) നൽകാനുള്ള സർക്കുലർ ബെവ്കോ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഡിസംബർ ഒന്നിന് ആദ്യപരിശീലന ക്ളാസ് തുടങ്ങും. കേരള പൊലീസാണ് ഇക്കാര്യത്തിൽ സഹായിക്കുന്നത്.
വനിതകൾക്ക് നേരെ തൊഴിലിടങ്ങളിൽ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബെവ്കോയുടെ ജില്ലാ ആഡിറ്റ് ടീം (ഡി.എ.ടി) മാനേജർമാർക്കാണ് നോഡൽ ഓഫീസർ ചുമതല. എല്ലാ ജില്ലകളിലെയും ചില്ലറ വില്പനശാലകളിലെയും വെയർഹൗസുകളിലെയും റീജണൽ മാനേജർ ഓഫീസുകളിലെയും വനിതാ ജീവനക്കാരുടെ പേരുവിവരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി ലഭ്യമാക്കാനാണ് നിർദ്ദേശം.
ഒന്നാം തീയതി സംഘടിപ്പിക്കുന്ന ക്ളാസിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് കോംപൻസേറ്ററി ഓഫ് അനുവദിച്ചിട്ടുണ്ട്. എല്ലാ വനിതാ ജീവനക്കാരും നിർബ്ബന്ധമായും ക്ളാസിൽ പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്.ശാരീരിക അവശതകൾ അനുഭവിക്കുന്നവർ പരിശീലനം കണ്ട് മനസിലാക്കിയാൽ മതി.
ജനമൈത്രി പൊലീസിന് കീഴിൽ 2015 മുതൽ നിലവിലുള്ള വിമൻസ് സെൽഫ് ഡിഫൻസ് ടീമാണ് കായിക അതിക്രമം തടയാനുള്ള പരിശീലനം നൽകുന്നത്. ആയോധനകലയിൽ മികവ് സിദ്ധിച്ച നാല് വനിതാ പൊലീസുകാരെ വീതം എല്ലാ ജില്ലകളിലും പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ട്. എ.എസ്.പിമാർക്കാണ് ഏകോപനച്ചുമതല.
കേരള ശാസ്ത്ര കോൺഗ്രസ്സ് തൃശൂരിൽ
തിരുവനന്തപുരം:കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ തൃശൂരിലെ കേരള കാർഷിക സർവ്വകലാശാലയിൽ 2025 ഫെബ്രുവരി 7 മുതൽ 10 വരെ കേരള ശാസ്ത്ര കോൺഗ്രസ്സ് നടത്തും. ഫെബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര പ്രദർശനം റവന്യുമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഇതിന് മുമ്പ് 2012ലാണ് ശാസ്ത്രമേള തൃശ്ശൂരിൽ നടത്തിയത്.
'ഹരിത ഭാവിക്ക് വേണ്ടിയുള്ള സാങ്കേതിക പരിവർത്തനം' എന്നതാണ് ഈ വർഷത്തെ തീം.
ദക്ഷിണേന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും 1500ഓളം ഗവേഷകർ പങ്കെടുക്കും.
100ലേറെ വേദികൾ ശാസ്ത്രമേളയിലുണ്ടാവും.
ശാസ്ത്ര കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് നവംബർ 30 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ksc.kerala.gov.in.
അഖിലേന്ത്യാ സഹകരണ
വാരാഘോഷം 14 മുതൽ
കൊച്ചി: 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബർ 14ന് വൈകിട്ട് മൂന്നിന് കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. രാവിലെ 9.30ന് രജിസ്ട്രാർ സജിത് ബാബു പതാക ഉയർത്തും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മുഖ്യപ്രഭാഷണം നടത്തും.
വാരാഘോഷത്തിന്റെ ഭാഗമായി സംരംഭകത്വ മേഖലയും സഹകരണ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും നടത്തും.